ലോകകപ്പ് ഇന്ത്യയില്‍ നടത്താനാകുമോയെന്ന് ഐസിസി, പറ്റില്ലെന്ന് തുറന്നടിച്ച് ബിസിസിഐ

Image 3
CricketFeaturedWorldcup

ഐസിസി വനിതാ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താനുള്ള ഐസിസിയുടെ അഭ്യര്‍ത്ഥന തള്ളി ബിസിസിഐ. ബംഗ്ലാദേശിലെ സാമൂഹിക-രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ടൂര്‍ണമെന്റ് വേദി മാറ്റാനുള്ള ആലോചനയിലാണ് ഐസിസി. എന്നാല്‍, തുടര്‍ച്ചയായി രണ്ട് വനിതാ ലോകകപ്പുകള്‍ നടത്താനുള്ള ബിസിസിഐയുടെ താല്‍പര്യക്കുറവാണ് ഈ തീരുമാനത്തിന് പിന്നില്‍.

ശ്രീലങ്കയോ യുഎഇയോ പകരം വേദിയായേക്കാം

ഇന്ത്യ വേദി ആകാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍, ശ്രീലങ്കയോ യുഎഇയോ പകരം വേദിയാകാനുള്ള സാധ്യത ഐസിസി പരിഗണിക്കുന്നുണ്ട്. ഒക്ടോബര്‍ 3 മുതല്‍ 20 വരെയാണ് വനിതാ ടി20 ലോകകപ്പ് നടക്കാന്‍ തീരുമാനിച്ചിരുന്നത്.

ബിസിസിഐയുടെ നിലപാട്

‘ഐസിസി ഞങ്ങളോട് ലോകകപ്പ് നടത്താന്‍ ആവശ്യപ്പെട്ടു, പക്ഷേ ഞാന്‍ അത് നിരസിച്ചു. നമുക്ക് ഇപ്പോഴും മഴക്കാലമാണ്, അടുത്ത വര്‍ഷം ഏകദിന വനിതാ ലോകകപ്പ് നമ്മള്‍ നടത്തുന്നുണ്ട്. തുടര്‍ച്ചയായി ലോകകപ്പുകള്‍ നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ഐസിസി നിലപാട്

ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ഐസിസി അവിടുത്തെ ക്രിക്കറ്റ് ബോര്‍ഡുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാരുടെയും മറ്റ് പങ്കാളികളുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ഐസിസി വ്യക്തമാക്കി.