ഒത്തുകളി, പഞ്ചാബ് സൂപ്പര്‍ താരത്തിനെതിരെ ബിസിസിഐയുടെ അന്വേഷണം

പഞ്ചാബ് കിങ്സ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ ഒത്തുകളി വിവാദത്തില്‍. ഹൂസ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റാണ് വിവാദത്തിലേക്ക് വെളിച്ചം വീശുന്നത്. ഹൂഡയ്‌ക്കെതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും.

രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനുമാണ് താരത്തെ കുടുക്കിയത്. ഹിയര്‍ വി ഗോ എന്നാണ് ദീപക് ഹൂഡ, ടീം ഹെല്‍മറ്റും തലയില്‍ വെച്ചുള്ള തന്റെ ഫോട്ടോയില്‍ കുറിച്ചത്.

ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താന്‍ ടീമില്‍ ഉണ്ടെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ ദീപക് ഹൂഡ നല്‍കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ബിസിസിഐയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ താരം ലംഘിച്ചോ എന്നാണ് പരിശോധിക്കുക.

പ്ലേയിങ് ഇലവനെ കുറിച്ച് മത്സരത്തിന് മുന്‍പ് ഒരു സൂചനയും പുറത്ത് വിടരുത് എന്നതാണ് ചട്ടം. സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി ഇടപഴകുന്നതിന് കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

അതെസമയം മത്സരത്തില്‍ രാജസ്ഥാനോട് പഞ്ചാബ് കിംഗ്‌സ് അവിശ്വസനീയമായി പരാജയപ്പെട്ടിരുന്നു. അവസാന ഓവറില്‍ നാല് റണ്‍സ് വേണ്ടിടത്ത് ഒരു റണ്‍സ് മാത്രമെടുത്താണ് പഞ്ചാബ് തോറ്റ് മടങ്ങിയത്.

 

You Might Also Like