ഐപിഎല്ലില്‍ താരങ്ങളുടെ പ്രതിഫലത്തിനും ഇനി വന്‍ വര്‍ധനവ്, അടിമുടി മാറ്റവുമായി ബിസിസിഐ

Image 3
CricketIPL

ഐപിഎല്‍ 15ാം സീസണ്‍ നടക്കുക അടിമുടി മാറ്റങ്ങളുമായി. ടീമുകളുടെ എണ്ണത്തിലും മെഗാ താരലേലത്തിലും ടീമുകള്‍ക്ക് ഉപയോഗിക്കാവുന്ന തുകയുടെ കാര്യത്തിലും താരങ്ങളെ നിലനിര്‍ത്താവുന്നതിന്റെ എണ്ണത്തിലും എല്ലാം അടുത്ത സീസണില്‍ മാറ്റമുണ്ടാകും.

പുതിയ രണ്ട് ടീമുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഓഗസ്റ്റ് പകുതിയോടെ പുതിയ ടീമുകള്‍ക്കായുള്ള ടെണ്ടര്‍ നോട്ടീസ് ബിസിസി ഐ ഇറക്കും. ഒക്ടോബര്‍ പകുതിയോടെ പുതിയ ടീമുകളെ പ്രഖ്യാപിക്കും. ഡിസംബറില്‍ 2022 സീസണിന്റെ മെഗാ താരലേലവും നടക്കും.

നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. പുതിയതായി രണ്ട് ടീമുകള്‍ക്ക് അവസരം നല്‍കാനാണ് പദ്ധതിയിടുന്നത്. ആ ടീമുകള്‍ ആരെന്ന് അറിയാനുളള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

കൊല്‍ക്കത്തയില്‍ നിന്നുള്ള ആര്‍പി രാജീവ് ഗൊണീക ഗ്രൂപ്പ്, അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്,ഗുജറാത്ത് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പ് എന്നിവര്‍ പുതിയ ഐപിഎല്‍ ടീമിനെ ഇറക്കുന്നതിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മറ്റ് ചില സ്വകാര്യ സ്ഥാപനങ്ങളും രംഗത്തുണ്ടെങ്കിലും പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത് ഈ മൂന്ന് കമ്പനികളുടെ പേരുകളാണ്. ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രതിഫല തുക 85 കോടിയില്‍ നിന്ന് 90 കോടിയായി ഉയര്‍ത്താനും ബിസിസി ഐ തയ്യാറെടുക്കുന്നു. ഇതോടെ 10 ഫ്രാഞ്ചൈസികളായാല്‍ 50 കോടി രൂപകൂടി അധികമായി ലേലത്തിലേക്ക് എത്തപ്പെടും. അനുവദിച്ചിരിക്കുന്ന തുകയുടെ 75 ശതമാനമെങ്കിലും താരങ്ങള്‍ ചിലവഴിക്കണമെന്നും നിബന്ധനയുണ്ട്. 2024 സീസണോടെ ലേലത്തിലേക്കെത്തുന്ന തുക 100 കോടിയാക്കി മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്.

താരങ്ങളെ നിലനിര്‍ത്തുന്നതിലും മാറ്റങ്ങള്‍ വന്നു. നാല് താരങ്ങളെ നിലനിര്‍ത്താം. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളോ ഒരു വിദേശ താരമോ,രണ്ട് വീതം ഇന്ത്യന്‍ താരങ്ങളോ വിദേശ താരങ്ങളോ ആവാം. നിലവില്‍ 15,11,7 കോടി രൂപയാണ് നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് ലഭിക്കുന്നത്. അതില്‍ മാറ്റങ്ങള്‍ വന്നു. രണ്ട് താരങ്ങളെ നിലനിര്‍ത്തുമ്പോള്‍ 12.5,8.5 കോടി രൂപ എന്നിങ്ങനെയാണ് പ്രതിഫലം നല്‍കേണ്ടത്. ഒരു താരത്തെ നിലനിര്‍ത്തിയാല്‍ 12.5 കോടിയാണ് നല്‍കേണ്ടത്.