ഐപിഎല്‍ കളിച്ചില്ലെങ്കില്‍ വിദേശ താരങ്ങള്‍ക്ക് ശിക്ഷയിങ്ങനെ, മുട്ടന്‍ പണി നല്‍കാനൊരുങ്ങി ബിസിസിഐ

Image 3
CricketIPL

കോവിഡ് കാരണം നിര്‍ത്തിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാത്ത വിദേശ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനൊരുങ്ങി ബിസിസിഐ. യുഎഇയില്‍ കളിക്കാന്‍ വിസമ്മതിക്കുന്ന താരങ്ങള്‍ക്ക് പാതി വേതനം മാത്രം നല്‍കിയാല്‍ മതിയെന്നാണ് ബിസിസിഐ ആലോചിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഇന്‍സൈഡ് സ്പോര്‍ട്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ നിരവധി ടീമുകള്‍ യുഎഇയിലേക്ക് ഐപിഎല്ലിനായി താരങ്ങളെ അയക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യം പുനപരിശോധിക്കാനും ബോര്‍ഡുകളെ സമ്മര്‍ദ്ദത്തിലാ്ക്കാനുമായി ബിസിസിഐയുടെ പുതിയ നീക്കം.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുകളാണ് താരങ്ങളെ ഇന്ത്യയിലേക്ക് അയക്കേണ്ടെന്ന തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ ഐപിഎല്ലിന്റെ അതേസമയത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത് മറ്റൊരു പ്രതിസന്ധിയാണ്.

ആന്ദ്രേ റസല്‍, ക്രിസ് ഗെയ്ല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, സുനില്‍ നരെയ്ന്‍, ജേസണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പുരാന്‍, ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് ഐപിഎല്ലിലും സിപിഎല്ലിലും കളിക്കുന്ന വിന്‍ഡീസ് താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസി, ആന്റിച്ച് നോര്‍ജെ, ഇമ്രാന്‍ താഹീര്‍, ക്രിസ് മോറിസ് തുടങ്ങിയവരും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസനും ഇരു ലീഗുകളിലും കളിക്കുന്നുണ്ട്.

ഇതോടെയാണ് ടൂര്‍ണമെന്റിനെത്താത്ത വിദേശ താരങ്ങളുടെ വേതനം കരാര്‍ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി വെട്ടിക്കുറയ്ക്കാന്‍ ബിസിസിഐ ഒരുങ്ങുന്നത്. താരങ്ങള്‍ക്ക് മൂന്നും നാലും ഗഡു ആയാണ് ബിസിസിഐ ഒരു വര്‍ഷം കൊണ്ട് സീസണിലെ മുഴുവന്‍ തുകയും നല്‍കാറ്. പരിക്കേറ്റ് പോവേണ്ടി വന്നലോ, ബിസിസിഐയ്ക്ക് ടൂര്‍ണമെന്റ് എന്തെങ്കിലും കാരണം കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നാല്‍ പോലും താരങ്ങള്‍ക്ക് മുഴുവന്‍ പ്രതിഫലവും കിട്ടും.

എന്നാല്‍ താരങ്ങള്‍ മനപൂര്‍വം വിട്ട് നിന്നാല്‍ കളിച്ച മത്സരങ്ങളുടെ പ്രതിഫലം മാത്രമേ കിട്ടൂ. ഈ വ്യവസ്ഥയാണ് ബിസിസിഐ ഉപയോഗിക്കുക. ഇത്തവണ കൊല്‍ക്കത്തയുടെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിന് 15.5 കോടിയാണ് കിട്ടേണ്ടത്. കളിക്കാനെത്തിയില്ലെങ്കില്‍ ഇത് 7.75 കോടിയാവും. ബെന്‍ സ്റ്റോക്സ്, ഗ്ലെന്‍ മാക്സ്വെല്‍, ഡേവിഡ് വാര്‍ണര്‍ അടക്കം താരങ്ങളെ വേതനം വെട്ടിക്കുറയ്ക്കല്‍ ബാധിക്കാം. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ കളിച്ചില്ലെങ്കിലും പ്രതിഫലം ഉറപ്പാണ്.

ഐപിഎല്ലില്‍ ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. 29 കളികളാണ് ഇന്ത്യില്‍ പൂര്‍ത്തിയായത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി യുഎഇയില്‍ നടത്താനാണ് ബിസിസിഐയുടെ പദ്ധതി.