കോഹ്ലിയെ ടീം ഇന്ത്യ കൈവെടിയുന്നു, എല്ലാം ഇനി അവര്‍ തീരുമാനിക്കുമെന്ന് ബിസിസിഐ അറിയിപ്പ്
വിരാട് കോഹ്ലിയുടെ ഭാവിയെന്തെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സെലക്ടര്‍മാര്‍ക്ക് ചുമതല കൈമാറി ബിസിസിഐ. ടീമില്‍ ഇനി കോഹ്ലി തുടരുമോയെന്നടക്കമുളള കാര്യങ്ങള്‍ ഇനി സെലക്ടര്‍മാര്‍ വിലയിരുത്തിയ ശേഷമാകും തീരുമാനം കൈകൊള്ളുക. ബിസിസിഐ ട്രെഷറര്‍ അരുണ്‍ ധുമാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സെലക്ഷന്‍ കമ്മിറ്റിയാണ് ടീം സെലക്ട് ചെയ്യുന്നതെന്നും തീരുമാനം അവര്‍ക്ക് വിടുന്നെന്നും ധുമാല്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘വിരാട് കോഹ്ലി ടീമില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സെലക്ഷന്‍ കമ്മിറ്റിയാണ്. സെലക്ടര്‍മാരുടെ തീരുമാനം അംഗീകരിക്കും. അവര്‍ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നോട്ട് പോവുക,’ ധുമാല്‍ പറഞ്ഞു.
ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലി സ്വയം ഒഴിഞ്ഞതാണെന്നും അത് തങ്ങള്‍ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.
‘ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. മുജേ അബ് നഹി കര്‍നി ഹൈ ക്യാപ്റ്റന്‍സി (എനിക്ക് ഇപ്പോള്‍ ക്യാപ്റ്റനാവേണ്ട) എന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനമൊഴിയാമായിരുന്നു എന്ന് പലരും ചിന്തിച്ചുകാണണം, അത് അവരുടെ കാഴ്ചപ്പാടാണ്. പക്ഷേ അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കണമായിരുന്നു. അത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. ഞങ്ങള്‍ ആ തീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു’ ധുമാല്‍ കൂട്ടിച്ചേര്‍ത്തു.
വിരാട് ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ബോര്‍ഡ് അദ്ദേഹത്തെ ബഹുമാനിക്കുന്നു. വിരാട് ഗ്രൗണ്ടില്‍ മികച്ച പ്രകടനം നടത്തുന്നത് കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും ധുമാല്‍ കൂട്ടിച്ചേര്‍ത്തു.
ഇതോടെ ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ കോഹ്ലി ഉണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. നിലവില്‍ ലണ്ടനില്‍ ഏഷ്യകപ്പിനായുളള മുന്നൊരുക്കത്തിലാണ് കോഹ്ലി.