സഞ്ജുവിനെല്ലാം കോളടിക്കും, പുതിയ നിയമവുമായി ബിസിസിഐ

Image 3
CricketTeam India

ട്വന്റി ട്വന്റി ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നീക്കങ്ങളുമായി ബിസിസിഐ രംഗത്ത്. 10 ടി20 മത്സരങ്ങള്‍ കളിച്ച കളിക്കാരെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്താനാണ് ബിസിസിഐയുടെ പുതിയ തീരുമാനം.

നിലവില്‍ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലേക്ക് ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളെയാണ് പരിഗണിക്കുന്നത്. ഒരു വര്‍ഷം മൂന്ന് ടെസ്റ്റ് എങ്കിലും, അതല്ലെങ്കില്‍ ഏഴ് ഏകദിനങ്ങള്‍ കളിച്ച കളിക്കാരെയാണ് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലേക്ക് പരിഗണിക്കുക.

ഒരു വര്‍ഷം 10 ടി20 മത്സരം എങ്കിലും ഇന്ത്യക്ക് വേണ്ടി കളിച്ച താരങ്ങളെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിനായി പരിഗണിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടി20 സ്പെഷ്യലിസ്റ്റ് ആയ ഒരു താരത്തിന് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലഭിക്കാതെ പോവരുത് എന്ന ചിന്താഗതിയെ തുടര്‍ന്നാണ് ഇത്.

കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റ് മാത്രം കളിച്ച വാഷിങ്ടണ്‍ സുന്ദറിന് ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് നല്‍കിയിരുന്നു. ഇത്തവണ ബിസിസിഐ നയത്തില്‍ മാറ്റം വരുത്തിയതോടെ കൂടുതല്‍ ടി20 താരങ്ങള്‍ക്ക് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലഭിച്ചേക്കും. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുളള താരങ്ങള്‍ക്ക് ഏറെ അനുഗ്രഹമാകും ബിസിസിഐയുടെ പുതിയ തീരുമാനം.

നാല് വിഭാഗങ്ങളിലായാണ് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ്. എ പ്ലസ് കാറ്റഗറിയിലെ കളിക്കാര്‍ക്ക് ഏഴ് കോടി, എ കാറ്റഗറിയില്‍ അഞ്ച് കോടി, ബി കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് മൂന്ന് കോടതി, സി യില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഒരു കോടി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവര്‍ക്കാണ് എ പ്ലസ് കോണ്‍ട്രാക്റ്റ്.