വീണ്ടും മറ്റൊരു രാജ്യത്ത് ഐപിഎല്‍ നടത്താന്‍ ആലോചിച്ച് ബിസിസിഐ

Image 3
CricketIPL

ഐപിഎല്‍ പതിനാലാം സീസണും കടല്‍ കടക്കാന്‍ സാധ്യത. ഐപിഎല്‍ വേദിയായി ഇന്ത്യയ്ക്ക് പുറമെ യുഎഇയെ തന്നെയാണ് ഇപ്രാവശ്യവും ബിസിസിഐ പരിഗണിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇന്ത്യയ്ക്ക് പുറമെ സ്റ്റാന്‍ഡ്‌ബൈ വേദിയായി യുഎഇയെ ബിസിസിഐ പരിഗണിക്കുന്നത്.

ഇന്ത്യയില്‍ ഐപിഎല്‍ നടത്താനാകാത്ത സാഹചര്യം ഉണ്ടായാലാണ് യുഎഇയിക്ക് ഇത്തവണ ഐപിഎല്‍ നടത്താന്‍ അനുമതി ലഭിക്കുക. ഫെബ്രുവരി 18ന് നടക്കുന്ന ഐപിഎല്‍ മിനി ലേലത്തിനു ശേഷമാകും ഇക്കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുക്കുക.

യുഎഇയില്‍ നടന്ന ഐപിഎല്‍ 13ാം സീസണ്‍ വലിയ വിജയമായാണ് ബിസിസിഐ വിലയിരുത്തുന്നത്. പ്രതികൂല സാഹചര്യത്തില്‍ പെട്ടെന്ന്് നടത്തിയിട്ടും ഐപിഎല്‍ തരംഗമായി മാറുകയായിരുന്നു കഴിഞ്ഞ തവണ. ഇതാണ് ഇന്ത്യയ്ക്ക് പുറമെ യുഎഇയെ കൂടി ഐപിഎല്‍ വേദിയായി ബിസിസിഐ പരീക്ഷിക്കാന്‍ കാരണം.

നേരത്തെ ഒരു തവണ മാത്രമാണ് ഐപിഎല്‍ മറ്റൊരു രാജ്യത്ത് നടത്തിയിട്ടുളളു. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പരിഗണിച്ച് ദക്ഷിണാഫ്രിക്കയിലായിരുന്നു അന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നത്.

അതെസമയം എപിഎല്‍ മുഖ്യ സ്‌പോണ്‍സര്‍മാരായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ തിരികെ വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഐപിഎല്‍ മിനി ലേലത്തിനൊപ്പം സ്‌പോണ്‍സര്‍മാര്‍ക്കുള്ള ലേലവും ബിസിസിഐ നടത്തുമെന്നാണ് സൂചന.