വീണ്ടും ട്വിസ്റ്റ്, മുഖ്യ കോച്ചിനായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ബിസിസിഐ. രാഹുല്‍ ദ്രാവിഡിനെ കോച്ചിംഗ് സ്ഥാനത്തേയ്ക്ക് നിയമിച്ചേക്കും എന്ന സൂചനകള്‍ക്കിടേയാണ് ബിസിസിഐയുടെ പുതിയ നീക്കം.

ഇതോടെ യുഎഇയില്‍ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീല സംഘത്തെ ലഭിക്കുമെന്ന് ഉറപ്പായി. മുഖ്യ പരിശീലകന് പുറമെ ബാറ്റിംഗ് പരിശീലകന്‍, ബൗളിംഗ് പരിശീലകന്‍ എന്നിവരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവന ഇപ്രകാരമാണ്.

‘ടീം ഇന്ത്യ (സീനിയര്‍ മെന്‍), എന്‍സിഎ (നാഷണല്‍ ക്രിക്കറ്റ് അക്കാദമി) എന്നിവര്‍ക്കായി ബിസിസിഐ അപേക്ഷകള്‍ ക്ഷണിക്കുന്നു. ‘ ഹെഡ് കോച്ച്, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച് എന്നീ മൂന്ന് മുന്‍നിര പോസ്റ്റുകള്‍ക്ക് പുറമേ, ടീം ഇന്ത്യ ഫീല്‍ഡിംഗ് കോച്ച്, ഹെഡ് സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍, എന്‍സിഎ എന്നീ തസ്തികകളിലേക്കും ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26 ആണ്’

അതെസമയം ഇന്ത്യയുടെ മുഖ്യകോച്ചായി രാഹുല്‍ ദ്രാവിഡ് തന്നെ ചുമതലയേല്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഗാംഗുലിയുടെ ഇടപെടലിന് പിന്നാലെ ദ്രാവിഡ് ഇക്കാര്യത്തില്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 10 കോടി രൂപയാണത്രെ ദ്രാവിഡിന് പ്രതിഫലമായി നല്‍കുക.