കെപിഎല്‍ ഇന്ത്യ-പാക് തല്ലായി മാറുന്നു, ഗിബ്‌സിനും പിസിബിയ്ക്കുമെതിരെ ബിസിസിഐ

പാക് അധീന കശ്മീരില്‍ സംഘടിപ്പിക്കുന്ന ടി20 ടൂര്‍ണമെന്റിനെ ചൊല്ലി ഇന്ത്യയിലേയും പാകിസ്ഥാനിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ രൂക്ഷമായ വാക് പോര്. മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിന് ബിസിസിഐ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷന്‍ ഗിബ്‌സ് രംഗത്ത് വന്നതോടെയാണ് ഈ വിവാദം ചൂടുപിടിയ്ക്കുന്നത്. ഇതിന് മറുപടിയുമായി ബിസിസിഐ രംഗത്തെത്തി.

മുന്‍പ് ഒത്തുകളിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച കേസില്‍ ഗിബ്‌സിന്റെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐയുടെ മറുപടി. ഇതിലൂടെ ഗിബ്‌സിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ബിസിസിഐ പ്രതിനിധി, അനുവദനീയമായ പരിധിക്കുള്ളില്‍നിന്ന് മാത്രമാണ് ബിസിസിഐ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി. ബിസിസിഐയുടെ വളര്‍ച്ചയില്‍ പിസിബിക്ക് അസൂയ തോന്നിയിട്ടില്ലെന്ന് കാര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

‘പിസിബി ആകെ സംശയത്തിലാണെന്ന് തോന്നുന്നു. പാക്കിസ്ഥാന്‍ താരങ്ങളെ ഐപിഎലില്‍ കളിക്കാന്‍ അനുവദിക്കില്ലെ പിസിബിയുടെ തീരുമാനം മറ്റൊരു ഐസിസി അംഗരാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിലുള്ള കൈകടത്തല്‍ അല്ലാത്തതുപോലെ ഇതിനെയും കണ്ടാല്‍ മതി. ഇന്ത്യയില്‍ വച്ചു നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ താരങ്ങളെ അനുവദിക്കണമോ വേണ്ടയോ എന്നത് ബിസിസിഐയുടെ ആഭ്യന്തര വിഷയമാണ്’ അദ്ദേഹം ഓര്‍മിപ്പിച്ചു.

വിരമിച്ച താരങ്ങളെയും ഉള്‍പ്പെടുത്തി കശ്മീര്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ഈ മാസം ആറിനാണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 17 വരെ നീണ്ടുനില്‍ക്കുന്ന ലീഗില്‍ കളിക്കാന്‍ തയാറാണെങ്കിലും ബിസിസിഐ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഗിബ്‌സിന്റെ ആരോപണം. ലീഗില്‍ ഓവര്‍സീസ് വാരിയേഴ്‌സ് എന്ന ടീമിനായാണ് ഗിബ്‌സ് കളിക്കാന്‍ ഒരുങ്ങുന്നത്.

ക്രിക്കറ്റിലേക്ക് ബിസിസിഐ അനാവശ്യമായി അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വലിച്ചിഴയ്ക്കുകയാണെന്ന് ഗിബ്‌സ് കുറ്റപ്പെടുത്തി. പാക്കിസ്ഥാനുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പേരില്‍ കശ്മീര്‍ പ്രിമിയര്‍ ലീഗില്‍ പങ്കെടുക്കുന്നതില്‍ തന്നെ തടയാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ട്വിറ്ററിലൂടെയാണ് ഗിബ്‌സ് ആരോപണം ഉന്നയിച്ചത്.

‘കശ്മീര്‍ പ്രിമിയര്‍ ലീഗില്‍ കളിക്കുന്നതില്‍നിന്ന് എന്നെ തടയാന്‍ ബിസിസിഐ പാക്കിസ്ഥാനുമായുള്ള രാഷ്ട്രീയ പ്രശ്‌നം അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കായും ഇനി ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നു. അസംബന്ധം’ ഗിബ്‌സ് ട്വീറ്റ് ചെയ്തു.

ഇതോടെയാണ് കടുത്ത മറുപടിയുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്. ലീഗില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്ന ചില ഇംഗ്ലണ്ട് താരങ്ങള്‍ ഉള്‍പ്പെടെ പിന്നീട് പിന്‍മാറിയിരുന്നു. മോണ്ടി പനേസര്‍, മാറ്റ് പ്രയോര്‍, ഫില്‍ മസ്റ്റാര്‍ഡ്, ഒവൈസ് ഷാ തുടങ്ങിയവരാണ് ലീഗ് ആരംഭിക്കും മുന്‍പേ പങ്കെടുക്കുന്നതില്‍നിന്ന് പിന്‍വാങ്ങിയത്. കശ്മീര്‍ പ്രിമിയര്‍ ലീഗ് നടക്കാതിരിക്കാന്‍ ബിസിസിഐ അനാവശ്യമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും (പിസിബി) രംഗത്തെത്തിയിരുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) അംഗമായ ഒരു രാജ്യമെന്ന നിലയില്‍ പിസിബിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് ഇന്ത്യ ഇക്കാര്യത്തില്‍ രാജ്യാന്തര ചട്ടങ്ങളും മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റിന്റെ സ്പിരിറ്റും ലംഘിച്ചെന്ന് പിസിബി കുറ്റപ്പെടുത്തി.

 

You Might Also Like