സഞ്ജുവിനോട് എന്തിനിത്ര പക, ഹൃദയം ആ ചെറുപ്പകാരനൊപ്പമെന്ന് ഇന്ത്യന്‍ താരം

Image 3
CricketTeam India

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചതിന് പിന്നാലെ, സഞ്ജു സാംസണെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലി വിവാദങ്ങള്‍ നാനാഭാഗത്ത് നിന്നും ഉയരുകയാണല്ലോ. ഇപ്പോഴിതാ ഇക്കാര്യത്തിന്റെ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദോഡ ഗണേഷ്.

സഞ്ജുവിനെ ടി20യിലേക്ക് മാത്രം പരിഗണിച്ചപ്പോള്‍ ശിവം ദുബെയെ ഇരുടീമിലും ഉള്‍പ്പെടുത്തിയതിനെ ഗണേഷ് പരിഹാസിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് ഗണേഷ് അഭിപ്രായപ്പെട്ടു.

‘ഏകദിനത്തില്‍ സഞ്ജുവിന് പകരം ശിവം ദുബെയെ കൊണ്ടുവന്നത് പരിഹാസ്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തില്‍ പാവം സഞ്ജു സെഞ്ച്വറി നേടിയിരുന്നു. എന്തുകൊണ്ട് അദ്ദേഹം എല്ലായ്പ്പോഴും? എന്റെ ഹൃദയം ഈ ചെറുപ്പക്കാരനൊപ്പം,’ ഗണേഷ് എക്‌സില്‍ കുറിച്ചു.

16 ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും അടക്കം 510 റണ്‍സ് നേടിയിട്ടുള്ള സഞ്ജുവിനെ ഒഴിവാക്കി ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം ദുബെ ഏകദിന ടീമില്‍ തിരിച്ചെത്തുമ്പോള്‍, പരാഗിന് ഇത് ഏകദിനത്തിലേക്കുള്ള ആദ്യ വിളിയാണ്.

ഏകദിനത്തില്‍ റിഷഭ് പന്തും കെ.എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ടി20യില്‍ പന്തിനൊപ്പം സഞ്ജുവും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു. എന്നാല്‍, രണ്ട് ഫോര്‍മാറ്റിലും പന്ത് തന്നെയാകും പ്രധാന വിക്കറ്റ് കീപ്പറെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തില്‍, സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.