പിഎസ്‌ജിയുടെ ഹൃദയം തകർത്ത് കോമാന്റെ ഹെഡ്ഡർ ഗോൾ, ബയേൺ മ്യൂണിക്കിന് ആറാം ചാമ്പ്യൻസ്‌ലീഗ് കിരീടം
കിങ്‌സ്‌ലി കോമാന്റെ ഹെഡ്ഡെർ ഗോളിൽ പിഎസ്‌ജിയുടെ ഹൃദയം തകർത്ത് ബയേൺ മ്യൂണിക്കിന് ആറാം ചാമ്പ്യൻസ് ലീഗ് കിരീടം. ഇതോടെ ബയേൺ മ്യൂണിക്ക് തങ്ങളുടെ രണ്ടാം ട്രെബിൾ കിരീടങ്ങൾ നേടി ബാഴ്സലോണക്കൊപ്പം എത്തിയിരിക്കുകയാണ്. 2013നു ശേഷം 7 വർഷങ്ങൾക്കിപ്പുറം വീണ്ടും ചാമ്പ്യൻസ്‌ലീഗ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ബയേൺ മ്യൂണിക്ക്.
ആദ്യപകുതിയിൽ 25-ാം മിനുട്ടിൽ ഡി മരിയക്കും പിന്നീട് എംബാപ്പെക്കും കിട്ടിയ സുവർണാവസരങ്ങൾ പാഴാക്കിയത് പിഎസ്‌ജിക്ക് തിരിച്ചടിയാവുകയായിരുന്നു. നെയ്മറിന്റെ മികച്ച മുന്നേറ്റങ്ങൾ പലതും തടയിടാൻ ബയേൺ പ്രതിരോധത്തിന് സാധിച്ചതും വഴിത്തിരിവായി. ആദ്യപകുതിയിൽ തന്നെ ബയേണിന്റെ വിശ്വസ്തനായ പ്രതിരോധഭടൻ ബോട്ടെങ്ങിനെ പരിക്കുമൂലം നഷ്ടപ്പെട്ടെങ്കിലും പകരക്കാരനായി വന്ന സുലെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
ബയേണിൽ വഴിത്തിരിവായത് ജോഷ്വാ കിമ്മിച്ചിന്റെ മുന്നേറ്റങ്ങളായിരുന്നു. ഒപ്പം ഡേവീസിന്റെയും കിങ്‌സ്‌ലി കോമാന്റെയും വേഗതയാർന്ന മുന്നേറ്റങ്ങൾ പിഎസ്‌ജി പ്രതിരോധത്തെ പിടിച്ചുലച്ചിരുന്നു. 59-ാം മിനുട്ടിലാണ് മത്സരത്തിൽ വഴിത്തിരിവായ കോമാൻ്റെ ഗോൾ പിറക്കുന്നത്. പ്രത്യാക്രമണത്തിലൂടെ പിഎസ് ജി ഗോൾമുഖത്തേക്ക് ഇരച്ചു കയറിയ ബയേൺ താരങ്ങളിൽ ജോഷ്വാ കിമ്മിച്ചിൻ്റെ എണ്ണം പറഞ്ഞ ഒരു ക്രോസ് പിഎസ്ജി പ്രതിരോധത്തെ മറികടന്ന് കോമാൻ മികച്ചൊരു ഹെഡ്ഡറിലൂടെ ഗോൾകീപ്പർ നവാസിനെ നിഷ്പ്രഭനാക്കി ഗോൾ നേടുകയായിരുന്നു.
അതിനു ശേഷം നെയ്മറിൻ്റെയും എംബാപ്പെയുടെയും നേതൃത്വത്തിൽ നിരവധി മുന്നേറ്റങ്ങളുണ്ടായെങ്കിലും മിക്കതും മധ്യനിരയിൽ വെച്ചു തന്നെ തടയിടാൻ ബയേണിനായതാണ് മത്സരഫലം അവർക്കനുകൂലമാക്കിത്തീർത്തത്. 75-ാം മിനുട്ടിനു ശേഷം ഇറങ്ങിയ സൂപ്പർ സബ് ചുപോ മോട്ടിങ്ങിനും ഡ്രാക്സ്ലർക്കും പിഎസ്‌ജിക്ക് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ബയേൺ വിജയിച്ചതോടെ പിഎസ്‌ജിക്കു വേണ്ടി തന്റെ അവസാന ചാമ്പ്യൻസ്‌ലീഗ് ഫൈനലും കളിച്ചു കിരീടമില്ലാതെ വിടവാങ്ങുകയാണ് നായകനായ തിയാഗോ സിൽവ.