റയലിനും യുവന്റസിനും തിരിച്ചടി, ചെൽസിയുമായി ചർച്ചകൾ ആരംഭിച്ച് ബയേൺ സൂപ്പർതാരത്തിന്റെ ഏജന്റ്

ബയേൺ മ്യൂണിക്കിനായി ഏറെക്കാലം പ്രതിരോധം കാത്തുസൂക്ഷിച്ച സൂപ്പർതാരമാണ് ഡേവിഡ് അലബ. ബയേണിന്റെ യൂത്ത് റാങ്കുകളിലൂടെ ഉയർന്നുവന്ന അലബ മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ പരിചയ സമ്പന്നനായ ബഹുമുഖപ്രതിഭയാണ്. എന്നാൽ നിലവിൽ ഈ സീസൺ അവസാനം ബയേൺ മ്യുണിക്ക് വിടാനുള്ള നീക്കത്തിലാണ് അലബ. പുതിയ കരാറുമായി ബന്ധപ്പെട്ട് ബയേണുമായി ഒത്തുതീർപ്പിലെത്താൻ സാധിക്കാതെ പോയതോടെയാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.

സീസണവസാനം ഫ്രീ ട്രാൻസ്ഫറിൽ താരത്തെ ലഭിക്കുമെന്നതിനാൽ പരിചയസമ്പന്നനായ അലബക്കു പിന്നാലെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇറ്റാലിയൻ ശക്തികളായ യുവന്റസും രംഗത്തെത്തിയിരുന്നു. ഒന്നിലധികം മേഖലയിൽ തിളങ്ങാൻ സാധിക്കുമെന്നതും ഫ്രീയായി ലഭിക്കുമെന്നതിനാലാണ് സിദാന്റെ കണ്ണുകൾ താരത്തിലുടക്കിയിരിക്കുന്നത്. സെർജിയോ റാമോസുമായി ഇതുവരെയും കരാറിലെത്താത്തതും ഈ ട്രാൻസ്ഫറിന് സിദാനെ പ്രേരിപ്പിക്കുന്നുണ്ട്.

എന്നാൽ പ്രതിരോധത്തിൽ കൂടുതൽ പരിചയസമ്പന്നത കൂട്ടാനായാണ് യുവന്റസ് അലബക്കായി ശ്രമിക്കുന്നത്. എന്നാൽ ഇരുവർക്കും ഭീഷണിയുമായി ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ഏറ്റവും കൂടുതൽ ക്ലബ്ബുകൾ മത്സരിക്കുന്ന താരമായി ചിലപ്പോൾ അലബ മാറിയേക്കും. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം അലബയുടെ ഏജന്റിന്റെ പുതിയ നീക്കം യൂറോപ്യൻ വൻ തിരിച്ചടിയായി മാറുമെന്നുറപ്പായിരിക്കുകയാണ്.

ജർമ്മൻ മാധ്യമമായ ബിൽഡ് ആണ് അലബയെ ചുറ്റിപ്പറ്റിയുള്ള പുതിയ റിപ്പോർട്ട്‌ പുറത്തുവിട്ടിരിക്കുന്നത്. ആഴ്ചയിൽ 280000 പൗണ്ട് ആവശ്യപ്പെട്ട അലബയെ ബയേൺ കൈവിട്ടതോടെ അലബയുടെ ഏജന്റ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയുമായി ചർച്ചകൾ ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ചെൽസിയിലേക്ക് ചേക്കേറാനുള്ള ശ്രമമാണ് ഏജന്റ് നടത്തുന്നതെന്നാണ് ബിൽഡ് റിപ്പോർട്ട്‌ ചെയ്യുന്നത്.

You Might Also Like