ബയേൺ ഇനി ഉരുക്കുകോട്ട, യുണൈറ്റഡിനെയും ലിവർപൂളിനെയും മറികടന്ന് സൂപ്പർഡിഫെൻഡറെ സ്വന്തമാക്കി ബയേൺ

ലോകത്തെ മികച്ച ആക്രമണനിര സ്വന്തമായുണ്ടെങ്കിലും പ്രതിരോധനിരയിലെ ബലക്ഷയമാണ് ബയേൺ മ്യൂണിക്കിനെ ഏറെ അലട്ടുന്ന പ്രശ്നം. പ്രതിരോധനിരയിൽ നിന്നും പരിചയസമ്പന്നനായ ഡേവിഡ് അലബ കൂടി ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനൊരുങ്ങി നിൽക്കുന്നതിനാൽ പുതിയ പ്രതിരോധ താരത്തിനെ വാങ്ങുകയെന്നത് ബയേൺ മ്യൂണിക്കിനു അനിവാര്യമായിരിക്കുകയാണ്. എന്നാൽ ആ പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബയേൺ.

ആർബി ലൈപ്സിഗ് താരമായ ഡയോട് ഉപമെക്കാനോയെ പ്രതിരോധ നിരയിലേക്ക് സ്വന്തമാക്കിയിരിക്കുകയാണ് ബയേൺ. 22കാരൻ താരം ഒരു ദീർഘകാല ഭാവിതാരമായാണ് കണക്കാക്കുന്നത്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ലിവർപൂളിനെയും മറികടന്നാണ് ബയേൺ ഈ കരുത്തനായ കാവൽഭടനെ സ്വന്തമാക്കിയിരിക്കുന്നത്.

42.5 മില്യൺ യൂറോക്കാണ് ആർബി ലെയ്പ്സിഗിൽ നിന്നും ബയേൺ ഉപമെക്കാനോയെ സ്വന്തമാക്കിയിരിക്കുന്നത്. സീസൺ അവസാനം മാത്രമേ താരം ബയേൺ മ്യൂണിക്കിലേക്ക് ചെക്കറുകയുള്ളൂ. അഞ്ചു കൊല്ലത്തേക്കാണ് ബയേണുമായി താരം കരാറിലെത്തിയിരിക്കുന്നത്. താരത്തെ സ്വന്തമാക്കിയതിലുള്ള സന്തോഷവും ബയേൺ ഡയറക്ടറായ ഹസൻ സാലിഹമിഡ്‌വിച്ച് പങ്കുവെച്ചു.

“ഉപമെക്കാനോ 22 വയസുള്ള യുവതാരമാണ്. ഈ കാലയളവിൽ തന്നെ ഗുണഗണങ്ങളിൽ അവിശ്വസനീയമായ വളർച്ച താരത്തിനുണ്ടായിട്ടുണ്ട്. ഞങ്ങൾ ഒരു മികച്ച ആശയമാണ് മുന്നോട്ടു വെച്ചത്. ഞങ്ങൾ അവനു മുന്നിൽ അവന്റെ ബയേണിലെ കരിയറിനെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു. ദോഹയിൽ വെച്ചു ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും പ്ലെയറിനും കുടുംബത്തിനും മാനേജ്മെന്റിനും ബയേൺ തന്നെയാണ് ശരിയായ ക്ലബ്ബ് എന്നു ബോധ്യപ്പെടുകയും ചെയ്യുകയായിരുന്നു.” സാലിഹമിഡ്‌വിച്ച് പറഞ്ഞു.

You Might Also Like