അട്ടിമറി! രണ്ടാം ഡിവിഷൻ ക്ലബിനോട് തകർന്നടിഞ്ഞ് ബയേൺ, പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയം

Image 3
BundasligaFeaturedFootball

ജർമൻ സൂപ്പർ കപ്പായ ഡിഎഫ്ബി പൊകെലിൽ ജർമനിയിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഹോൾസ്റ്റെയിൻ കീലിനെതിരെ അപ്രതീക്ഷിത തോൽവിയോടെ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്ക് പുറത്തായിരിക്കുകയാണ്. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഹോൾസ്റ്റെയിൻ സമനില പിടിച്ചതോടെ 2-2 എന്ന സ്കോറിൽ മത്സരം അവസാനിക്കുകയായിരുന്നു.

ബയേൺ മ്യൂണിക്കാണ് മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയത്. തോമസ് മുള്ളറിന്റെ ഹെഡർ ഹോൾസ്റ്റെയിൻ ഗോൾകീപ്പർ ജീലിയോ തടഞ്ഞിട്ടെങ്കിലും ആ പന്ത് സെർജി ഗ്നാബ്രി അനായാസം വലയിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാൽ ആദ്യപകുതിക്കു മുമ്പേ ബാർട്ടൽസിലൂടെ ഹോൾസ്റ്റെയിൻ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. പ്രതിരോധ നിരക്ക് മുകളിലൂടെ ജാനിക് ഡെംസ് കൊടുത്ത പാസ്സ് പിടിച്ചെടുത്തു കുതിച്ച ബാർട്ടൽ മികച്ച രീതിയിൽ മാനുവൽ നൂയറെ മറികടന്നു ഗോൾ കണ്ടെത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ ബയേൺ ആക്രമിച്ചു കളിക്കാൻ തുടങ്ങി. തുടക്കത്തിൽ തന്നെ ലഭിച്ച ഒരു ഫ്രീകിക്ക് കൃത്യതയോടെ ലെറോയ് സാനെ സാനെ വലയിലെത്തിച്ചതോടെ ബയേൺ മുന്നിലെത്തുകയായിരുന്നു. 90 മിനിറ്റിനു ശേഷം ഇഞ്ചുറി ടൈമിലാണ് ബയേണിനെ ഞെട്ടിച്ച മികച്ച ഹെഡർ ഗോൾ വരുന്നത്. ജോഹാൻസ് വാൻ ഡെൻ ബെർഗിന്റെ ഇടതു വിങ്ങിൽ നിന്നും വന്ന ക്രോസ് ഹൗക് വാൽ വലയിലേക്ക് നൂയറെ കാഴ്ചക്കാരനാക്കി തലകൊണ്ട് തട്ടി വിടുകയായിരുന്നു.

അതിനു ശേഷം ലഭിച്ച എക്സ്ട്രാ ടൈമിൽ ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാനാവാതെ പോയതോടെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ നാലു പെനാൽറ്റികളും ഇരു ടീമുകളും കൃത്യമായി വലയിലെത്തിച്ചെങ്കിലും ബയേണിൽ എക്സ്ട്രാ ടൈമിൽ പകരക്കാരനായി വന്ന മാർക്ക്‌ റോക്കയുടെ അവസാന പെനാൽറ്റി ഹോൾസ്റ്റെയിൻ കീപ്പർ തടഞ്ഞിടുകയായിരുന്നു. ഹോൾസ്റ്റെയിനിന്റെ അവസാന പെനാൽറ്റി ബാർട്ടൽ കൃത്യമായി വലയിലെത്തിച്ചതോടെ ബയേൺ അപ്രതീക്ഷിതതോൽവി രുചിക്കുകയായിരുന്നു.