കിരീടവരൾച്ച തിരിച്ചടിയാവുന്നു, ടോട്ടനം സൂപ്പർതാരത്തെ റാഞ്ചാൻ ബയേൺ മ്യൂണിക്ക്

ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടനം ഹോട്സ്പറിൽ ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന എഷ്യൻ സൂപ്പർ താരമാണ് സൺ ഹ്യുങ്ങ് മിൻ. താരത്തിൽ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് രംഗത്തെത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീസണിൽ 48 മത്സരങ്ങളിൽ നിന്നായി 18 ഗോളുകളും 16 അസിസ്റ്റുകളും നേടാൻ ഈ കൊറിയൻ താരത്തിനു സാധിച്ചിട്ടുണ്ടെങ്കിലും അടുത്ത സീസണിൽ ടോട്ടനം ചാമ്പ്യൻസ്‌ലീഗ് കളിക്കുമോ എന്ന കാര്യത്തിൽ സംശയത്തിന്റെ നിഴലിലാണുള്ളത്.

പ്രമുഖ മാധ്യമമായ ഫൂട്ടി ഇൻസൈഡർ ആണ് ഈ വാർത്ത പുറത്തു വീട്ടിരിക്കുന്നത്. ആഴ്ചയിൽ രണ്ടു ലക്ഷം പൗണ്ടിനു മുകളിലുള്ള വേതനമാണ് ബയേൺ താരത്തിനു മുന്നോട്ട് വെച്ച ഓഫർ എന്നാണ് അറിയാനാകുന്നത്. അഞ്ചു വർഷത്തേക്കുള്ള ദീർഘകാല കരാറാണ് ബയേൺ ഓഫർ ചെയ്തിരിക്കുന്നത്.

ഇത്രയും കാലം ടോട്ടനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരു കിരീടം പോലും നേടാനാവാത്തതുകൊണ്ട് തന്നെ ബുണ്ടസ്‌ലിഗയിലേക്കുള്ള ഒരു തിരിച്ചു പോക്കിനുള്ള അവസരമാണ് താരത്തിനു മുന്നിൽ ഉയർന്നു വന്നിരിക്കുന്നത്. ബുണ്ടസ്‌ലിഗയിൽ ഹാംബർഗിനും ബയേർ ലെവർകുസെനും വേണ്ടി ബൂട്ടുകെട്ടിയ താരം 2015ലാണ് 22 മില്യൺ യൂറോക്ക് ടോട്ടനത്തിലേക്ക് ചേക്കേറുന്നത്.

രണ്ടു വർഷം കൂടി ടോട്ടനവുമായി കരാറുള്ള താരത്തിനു വേണ്ടി അടുത്ത സമ്മർ വരെ കാത്തിരിക്കാൻ ബയേൺ ഒരുക്കമാണെന്നും ഇതേ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഈ സീസണിലും ടോട്ടനത്തിനു ചാമ്പ്യൻസ്‌ലീഗ് യോഗ്യതയും കിരീടവും നേടാനായില്ലെങ്കിൽ സീസണവസാനം തന്നെ ക്ലബ്ബ് വിടാൻ താരം ക്ലബ്ബിനെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിലെ ടോട്ടനത്തിന്റെ ആകെയുള്ള കിരീടപ്രതീക്ഷ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കരബാവോ കപ്പ്‌ മാത്രമാണ്.

You Might Also Like