മെസിയെ മാത്രമല്ല സൂക്ഷിക്കേണ്ടത്, മുന്നറിയിപ്പുമായി ബയേൺ പരിശീലകൻ

Image 3
Champions LeagueFeaturedFootball

മെസിയെ ബയേൺ എങ്ങനെ നേരിടുമെന്നും മെസിയാണോ ലെവൻഡോവ്സ്‌കിയാണോ മികച്ചതെന്ന ചൂട് പിടിച്ച ചർച്ചകൾ ഫുട്ബോൾ ലോകത്ത് നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ മെസ്സിയെ മാത്രമല്ല ബയേൺ നേരിടുന്നതെന്നും ബാഴ്സലോണയെയാണ് നേരിടുന്നതെന്നു ഓർമ്മ വേണമെന്നാണ് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ അഭിപ്രായം.

ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം. മെസ്സി മാത്രമല്ല എല്ലാ ബാഴ്സ താരങ്ങളും ബയേണിന് വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാലും മെസ്സിയുടെ പ്രാധാന്യം എന്തെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും ടീം എന്ന നിലയിൽ അദ്ദേഹത്തെ തടയാൻ തങ്ങൾ ശ്രമിക്കുമെന്നും ഫ്ലിക്ക് അഭിപ്രായപ്പെട്ടു. ഗ്രീസ്‌മാൻ, പിക്വേ, ടെർ സ്റ്റീഗൻ, റാക്കിറ്റിച്, സുവാരസ് എന്നിവരെല്ലാം മികച്ച താരങ്ങൾ ആണെന്നും ബയേൺ കരുതിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ബയേൺ മെസ്സിക്കെതിരെയല്ല കളിക്കുന്നത്, ബാഴ്സക്കെതിരെയാണ്. ഞങ്ങൾ ഒത്തൊരുമയോടെ കളിച്ചാൽ അദ്ദേഹത്തെ തടയാൻ കഴിയും. സ്‌പേസുകൾ മനസ്സിലാക്കി സമ്മർദ്ദം ചെലുത്തി കളിക്കാനാണ് ശ്രമിക്കുക. തീർച്ചയായും ഞങ്ങൾ ബാഴ്‌സയെ ബഹുമാനിക്കുന്നു. കാരണം കുറച്ചു കാലമായി അവർ ലോകത്തിലേ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണ്.”

“പല ക്ലബുകളും പരിശീലകരും ബാഴ്സയിൽ നിന്ന് പ്രചോദനമുൾകൊണ്ടവരാണ്. അവരുടെ പരിശീലനം മത്സരങ്ങളും മികച്ചതാണ്. മെസ്സി മാത്രമല്ല ഞങ്ങൾ ശ്രദ്ദിക്കേണ്ട താരം. പിക്വേ, സുവാരസ്, റാക്കിറ്റിച്, ഗ്രീസ്‌മാൻ എന്നിവരെല്ലാം തന്നെ മികച്ച താരങ്ങളാണ്. കൂടാതെ ടെർസ്റ്റീഗൻ വേൾഡ് ക്ലാസ്സ്‌ ഗോൾകീപ്പർ ആണ്. തീർച്ചയായും അവർക്ക് ക്വാളിറ്റിയും പരിചയസമ്പന്നതയുമുണ്ട്. എന്നിരുന്നാലും ഞങ്ങൾ ടീം എന്ന നിലയിൽ അവരെ നല്ല രീതിയിൽ തന്നെ നേരിടും” അദ്ദേഹം വ്യക്തമാക്കി.