സലായെ സ്വന്തമാക്കുകയെന്നത് ആദരവേകുന്ന കാര്യം, ബയേൺ ചീഫ് പറയുന്നു

ലിവർപൂളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സൂപ്പർ താരമാണ് മൊഹമ്മദ് സലാ. സലായെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കിൻ്റെ താത്പര്യത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബയേൺ ചീഫായ കാൾ ഹെയ്ൻസ് റമ്മനി ഗ്ഗെ. സലായെ പോലുള്ള ഒരു താരത്തെ സ്വന്തമാക്കുകയെന്നത് ഞങ്ങളെ ആദരിക്കുന്നത് പോലെയാണെന്നാണ് റമ്മനിഗ്ഗെ അഭിപ്രായപ്പെട്ടത്. മെസിക്കും ക്രിസ്ത്യാനോക്കും സമാനനായ താരമാണ് സലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സലാ തന്നെ മുമ്പൊരിക്കൽ ബാഴ്സയിലേക്കോ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. താരത്തെ സ്വന്തമാക്കാൻ നിലവിൽ പദ്ധതിയില്ലങ്കിലും ക്ലബ്ബിൻ്റെ റഡാറിൽ താരവും ഉൾപ്പെടുമെന്ന സൂചനയാണ് റമ്മനിഗ്ഗെ വ്യക്തമാക്കിയത്. ജർമൻ മാധ്യമമായ ടൈംസ്പോർട്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” നിലവിൽ സലായെ വാങ്ങാൻ ഞങ്ങൾക്ക് പദ്ധതിയില്ല. പക്ഷേ സലായെ വാങ്ങാനാവുകയെന്നത് ഞങ്ങൾ ഒരു ആദരമായാണ് കണക്കാക്കുന്നത്. എൻ്റെ അഭിപ്രായത്തിൽ സലാ ഒരു ആഫ്രിക്കൻ മെസിയാണ്. ലോകത്തെ മികച്ച ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാനുള്ള മികവും തീർച്ചയായും അവനിലുണ്ട്. അവൻ നേടിയെടുത്തതിനെയെല്ലാം ബാഴ്സക്കും റയൽ മാഡ്രിഡിനും മെസിയും ക്രിസ്ത്യാനോയും നേടിയെടുത്തതുമായി താരതമ്യപ്പെടുത്താവുന്നതാണ്.” റമ്മനിഗ്ഗെ പറഞ്ഞു.

അടുത്തിടെ സലാ ക്ലബ്ബ് വിടാനുള്ള സാധ്യതയെ ക്ലോപ്പ് തള്ളിക്കളഞ്ഞിരുന്നു. ഇത് സാധാരണമായ ഒരു കാര്യമാണെന്നും ഏതെങ്കിലും മികച്ച ക്ലബ്ബുകളിലേക്ക് ചേക്കേറാൻ താത്പര്യമുണ്ടോയെന്നു ചോദിച്ചതിന് ലളിതമായ ഉത്തരം നൽകിയതായിരിക്കാമെന്നും ക്ലോപ്പ് വ്യക്തമാക്കിയിരുന്നു. അത് തങ്ങളെ ബാധിക്കില്ലെന്നും ക്ളോപ്പ്‌ ചൂണ്ടിക്കാണിച്ചു.

You Might Also Like