ഭാവിപരിശീലകനെ കണ്ടെത്തി ബയേൺ മ്യുണിക്ക്, കണ്ടു വെച്ചിരിക്കുന്നത് റയൽ ഇതിഹാസതാരത്തെ
യൂറോപ്പിൽ നിരവധി കിരീടങ്ങൾ നേടിക്കൊണ്ട് മുന്നേറുകയാണ് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ഈ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ്‌ലീഗടക്കം ട്രെബിൾ നേടാൻ ബയേൺ മ്യുണിക്കിന് സാധിച്ചു. ഈ സീസൺ തുടക്കത്തിൽ ജർമ്മൻ സൂപ്പർ കപ്പും അതിന് മുമ്പ് യുവേഫ സൂപ്പർ കപ്പും ബയേൺ സ്വന്തം സേഫിലെത്തിച്ചിരുന്നു.
എന്നാൽ തങ്ങളുടെ ഭാവിപരിശീലകനെ കണ്ടെത്തിയ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബയേൺ മ്യുണിക്ക് പ്രസിഡന്റ് കാൾ ഹെയ്ൻസ് റമ്മനിഗേ. ജർമ്മൻ മാധ്യമമായ ബിൽഡിനോട് സംസാരിക്കവേയാണ് പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ സ്പാനിഷ് മധ്യനിരതാരവും റയൽ മാഡ്രിഡ്-ബയേൺ മ്യൂണിക്ക് ഇതിഹാസതാരവുമായ സാബി അലോൺസോയാണ് ബയേണിന്റെ ഭാവി പരിശീലകനായി പരിഗണനനയിലുള്ളത്.
Bayern Munich CEO Rummenigge has admitted he would like Xabi Alonso – currently Real Sociedad B team coach – as their future boss https://t.co/H12Nu9fJaz
— Football España (@footballespana_) September 30, 2020
”സാബി അലോൺസോക്ക് ബയേൺ മ്യൂണിക്കിനെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തീർച്ചയായും ഭാവിയിൽ ഞങ്ങൾ ഇക്കാര്യം പരിഗണിച്ചേക്കും. മികച്ച ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. കൂടാതെ സമർത്ഥനുമാണ്. വളരെയധികം സഹാനുഭൂതിയുള്ള ഒരു താരമാണ് സാബി അലോൺസോ. ഇന്നത്തെ കാലഘട്ടത്തിലുള്ള താരങ്ങളെ പരിശീലിപ്പിക്കാനായുള്ള അവശ്യഘടകമാണത് ” പ്രസിഡന്റ് പറഞ്ഞു.
2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ ബയേണിനായി ബൂട്ടുകെട്ടിയ താരമാണ് അലോൺസോ. അക്കാലത്തു മൂന്ന് തവണയും ബയേൺ തന്നെയായിരുന്നു ജർമൻ ചാമ്പ്യൻമാർ. 2009 മുതൽ 2014 വരെ റയലിലും തന്റെ മികവ് തെളിയിച്ച താരം നിലവിൽ റയൽ സോസിഡാഡിന്റെ ബി ടീമിന്റെ പരിശീലകനായി പ്രവർത്തിക്കുകയാണ്.