സ്‌റ്റേഗന്‍ ഒരു ലോകോത്തര ഗോള്‍കീപ്പനേ അല്ല, വന്‍ പോരാട്ടത്തിന് മുമ്പ് വാക് പോര്
ബയേൺ മ്യൂണിക്ക് ക്വാർട്ടർ ഫൈനലിൽ ബാഴ്‌സയെ നേരിടാനിരിക്കെ ചൂടൻ പ്രസ്താവനകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബയേൺ മ്യൂണിക്ക് ചെയർമാൻ കാൾ ഹെയിൻസ് റെമെനിഗേ. ബാഴ്‌സ ഗോൾകീപ്പറായ മാർക്ക് ആന്ദ്രേ ടെർ സ്റ്റേഗൻ ഇതു വരെയും ലോകോത്തര ഗോൾകീപ്പർ ആയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
തോമസ് മുള്ളർക്കും ലോതാർ മാതെയൂസിനും ശേഷം ബാഴ്‌സ താരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ബയേൺ ചെയർമാനും കൂടെ രംഗത്തെത്തിയിരിക്കുകയാണ്. ജർമനിയുടെ മികച്ച രണ്ടു കീപ്പർമാരാണ് ടെർ സ്റ്റെഗനും മാനുവേൽ നൂയറുമെങ്കിലും ഇതുവരെ രാജ്യത്തിനുവേണ്ടി നൂയറിന്റെ അടുത്തെത്താൻ ബാഴ്‌സ ഗോൾകീപ്പർക്ക് സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ടെർ സ്റ്റേഗൻ കഴിഞ്ഞ രണ്ടു സീസണുകളിലായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളതെങ്കിലും മാനുവൽ നൂയറിന്റെ സാന്നിധ്യമാണ് ഇതുവരെ രാജ്യാന്തരമത്സരങ്ങളിൽ ബാഴ്‌സ ഗോൾകീപ്പർക്ക് അവസരം നിഷേധിച്ചത്. നൂയർ കാലങ്ങളായി ജർമനിയുടെയും ബയേണിന്റെയും ഒന്നാം നമ്പർ ഗോൾകീപ്പർ പദവി അടക്കിവാഴുകയാണ്.
ബയേൺ ജർമൻ ഇതിഹാസം ലോതാർ മാതെയൂസിന്റെ അഭിപ്രായത്തിൽ ബയേൺ വലിയ അബദ്ധങ്ങൾ കാണിച്ചാൽ മാത്രമേ തോൽക്കാൻ സാധ്യതയുള്ളൂവെന്നും ബാഴ്‌സക്ക് ബയേൺ ബാലികേറാമലയാവുമെന്നുമാണ്. എന്നാൽ ടെർ സ്റ്റേഗന്റെ മികച്ച പ്രകടനം ബാഴ്‌സയുടെ വിജയത്തിനു നിർണായകമാകാനിരിക്കെയാണ് ബയേൺ ചെയർമാന്റെ ഇത്തരത്തിലൊരു പ്രതികരണമെന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.