സിദാൻ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു, നോട്ടമിട്ട് യൂറോപ്പിലെ വമ്പൻ ക്ലബ്

Image 3
Football News

റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം രണ്ടാമത്തെ പ്രാവശ്യവും ഒഴിഞ്ഞതിനു ശേഷം മറ്റൊരു ക്ലബിനെയും സിനദിൻ സിദാൻ പരിശീലിപ്പിച്ചിട്ടില്ല. റയൽ മാഡ്രിഡിനൊപ്പം ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിനായി പലപ്പോഴായി നിരവധി ക്ലബുകൾ ശ്രമം നടത്തിയെങ്കിലും ഒന്നിനോടും യെസ് പറയാതെ എല്ലാം നിരസിക്കുകയായിരുന്നു അദ്ദേഹം.

എന്തായാലും അദ്ദേഹം പരിശീലകസ്ഥാനത്തേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജർമനിയിലെ വമ്പന്മാരായ ബയേൺ മ്യൂണിക്കാണ് സിദാന് വേണ്ടി ശ്രമം നടത്തുന്നത്. തോമസ് ട്യുഷേലിന് പകരക്കാരനായി അദ്ദേഹത്തെ നിയമിക്കാനാണ് ബയേൺ മ്യൂണിക്ക് നീക്കങ്ങൾ നടത്തുന്നത്.

ഈ സീസണിൽ ബയേൺ മ്യൂണിക്ക് ട്യുഷേലിന് കീഴിൽ മോശം പ്രകടനമാണ് നടത്തിയത്. പതിനൊന്നു വർഷമായി നേടിക്കൊണ്ടിരുന്ന ജർമൻ ലീഗ് കിരീടം അവർ ബയേർ ലെവർകൂസന് മുന്നിൽ അടിയറവ് വെച്ചു. ഇനി ചാമ്പ്യൻസ് ലീഗ് മാത്രമാണ് അവർക്ക് പ്രതീക്ഷയുള്ളത്. അതുകൊണ്ടാണ് ബയേൺ മ്യൂണിക്ക് ഈ സീസണിന് ശേഷം പുതിയ പരിശീലകനെ തേടുന്നത്.

അടുത്ത സീസണിൽ സിദാനെ പരിശീലകനായി നിയമിച്ച് മറ്റൊരു ഫ്രഞ്ച് താരവും ബയേൺ ഇതിഹാസവുമായ ഫ്രാങ്ക് റിബറിയെ സഹപരിശീലകനായി നിയമിക്കാനാണ് ബയേൺ ഒരുങ്ങുന്നത്. എന്നാൽ ഇതിനോട് സിദാൻ ഏതു രീതിയിൽ പ്രതികരിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. ബയേണിനെ നയിക്കാൻ അദ്ദേഹം തയ്യാറാകുമോ അതോ ക്ലബ് ഫുട്ബോളിലേക്ക് ഇപ്പോൾ തിരിച്ചു വരുന്നില്ലെന്ന തീരുമാനം എടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.