മാഞ്ചസ്റ്റർ സിറ്റിയോടു മാപ്പു പറഞ്ഞ് ബയേൺ മ്യൂണിക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ ജർമൻ താരമായ ലെറോയ് സാനേയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുൻപു തന്നെ താരം ജർമൻ ക്ലബുമായി കരാറൊപ്പിടുന്നതിന്റെയും ജേഴ്സിയണിഞ്ഞു നിൽക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്തു വന്നതിൽ ബയേൺ ഇംഗ്ലീഷ് ക്ലബിനോടു ക്ഷമാപണം നടത്തി. ബയേണിന്റെ അറബിക് പേജിലാണ് ഈ ചിത്രങ്ങൾ ആദ്യം പുറത്തു വന്നത്.

ചിത്രങ്ങൾ പുറത്തു വന്നത് വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുകയായിരുന്നു. ഇരു ക്ലബുകളും ട്രാൻസ്ഫർ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ സാനേ ബയേണിന്റെ ജേഴ്സിയണിഞ്ഞു നിൽക്കുന്നതിൽ സിറ്റി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ബയേൺ ക്ഷമാപണം നടത്തിയത്.

ഇപ്പോൾ താരത്തിന്റെ ട്രാൻസ്ഫർ ബയേൺ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് അറുപതു ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിലാണ് ജർമൻ വിംഗർ ബയേണിലെത്തുന്നത്. ഗ്നാർബി, കോമാൻ, ഡേവീസ്, എന്നിവർക്കൊപ്പം സാനേ കൂടി ചേരുന്നതോടെ വേഗതയേറിയ താരങ്ങളുടെ ഒരു നിര തന്നെ ഇപ്പോൾ ബയേണിലുണ്ട്.

കഴിഞ്ഞ സമ്മറിൽ 130 ദശലക്ഷം യൂറോ മൂല്യമുണ്ടായിരുന്ന താരമായിരുന്നു സാനേ. എന്നാൽ സീസണിനിടയിലേറ്റ പരിക്കും കരാർ അവസാനിക്കാൻ ഒരു വർഷത്തെ സമയം മാത്രമേ ബാക്കിയുള്ളൂ എന്നതും ട്രാൻസ്ഫർ വാല്യൂ കുറയാൻ കാരണമായി. പരിക്കേറ്റതിനു ശേഷം സീസൺ പുനരാരംഭിച്ച് ബേൺലിക്കെതിരെ മാത്രമാണ് സാനേ കളത്തിലിറങ്ങിയത്.

You Might Also Like