പാകിസ്ഥാനെതിരെ ടീം ഇന്ത്യയെ ഇക്കാര്യം പരിഗണിച്ച്, നിര്‍ണ്ണായക സൂചനയുമായി ശാസ്ത്രി

Image 3
CricketTeam India

ടി20 ലോകകപ്പില്‍ ഇന്ത്യ അന്തിമ ഇലവനെ തീരുമാനിക്കുന്നത് പിച്ചിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യം പരിഗണിച്ചാവുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. എക്സ്ട്രാ സീമറെയാണോ സ്പിന്നറെയാണോ കളിപ്പിക്കേണ്ടത് എന്നതില്‍ ഡ്യൂ ഫാക്ടര്‍ പരിഗണിച്ചാവും തീരുമാനം എന്ന് രവി ശാസ്ത്രി പറഞ്ഞു.

ഈര്‍പ്പത്തിന്റെ സാന്നിധ്യം കൂടുതലാണോ എന്ന പരിഗണിച്ചാവും ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് എതിരെ ആദ്യം ബാറ്റ് ചെയ്യണമോ ഫീല്‍ഡ് ചെയ്യണമോ എന്ന് തീരുമാനിക്കുക. എക്സ്ട്രാ സ്പിന്നറോ സീമറോ എന്ന കാര്യത്തിലും ഈര്‍പ്പത്തിന്റെ സാന്നിധ്യം നോക്കിയാവും തീരുമാനം, രവി ശാസ്ത്രി പറഞ്ഞു.

7.30നാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍. ഈര്‍പ്പം കൂടുതലാവുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് കണ്ടെത്താന്‍ പ്രയാസമാവും. ഇത് ബാറ്റ്സ്മാന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ കളിച്ചാണ് എത്തുന്നത്. അതില്‍ കൂടുതല്‍ തയ്യാറെടുപ്പ് അവര്‍ക്ക് ആവശ്യമില്ല.

ഒരുമിച്ച് ഇണങ്ങി കളിക്കുക, താളവും ഊര്‍ജവും കണ്ടെത്തുക എന്നതാണ് അവര്‍ ഇനി ചെയ്യേണ്ടത്. സന്നാഹ മത്സരങ്ങളില്‍ എല്ലാവര്‍ക്കും ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അവസരം ലഭിക്കും. ഇതിലൂടെ നന്നായി കളിക്കുന്നത് ആരെല്ലാം എന്ന് കണ്ടെത്താന്‍ കഴിയും എന്നും രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരത്തില്‍ ഈര്‍പ്പം ഇംഗ്ലണ്ടിനെ കാര്യമായി ബാധിച്ചിരുന്നു. 19ാം ഓവറില്‍ ക്രിസ് ജോര്‍ദാന്‍ 23 റണ്‍സ് ആണ് വഴങ്ങിയത്. ഇവിടെ നാലാമത്തെ ഡെലിവറിയില്‍ ജോര്‍ദാന്റെ കയ്യില്‍ നിന്ന് പന്ത് സ്ലിപ്പായി ബൗണ്ടറി ലൈന്‍ തൊട്ടിരുന്നു. ഇതും ഇന്ത്യയുടെ ജയം വേഗത്തിലാക്കാന്‍ സഹായിച്ചു.