മെസി ബാഴ്‌സ വിടില്ലെന്ന് പറഞ്ഞാല്‍ ഉടന്‍ രാജി, തന്ത്രങ്ങളുമായി ബർതോമ്യു

Image 3
FeaturedFootballLa Liga

ബാഴ്സലോണയിൽ ലയണൽ മെസിയുമായി ബന്ധപ്പെട്ടു നടക്കുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പുതിയ വഴിത്തിരിവിലേക്കെത്തി നിൽക്കുകയാണ്.  മെസിയുടെ ക്ലബ്ബ് വിടലെന്ന സമ്മർദ്ദത്തിനു വഴങ്ങി ബാഴ്‌സ പ്രസിഡന്റ്‌ ബർതോമ്യു രാജിവെക്കാൻ തയ്യാറാണെന്ന്  അറിയിച്ചതായാണ് പുതിയറിപ്പോർട്ടുകൾ.

എന്നാൽ മെസിക്ക് മുൻപാകെ ബർതോമ്യു ഒരു നിബന്ധന കൂടി   മുന്നോട്ട് വെക്കുന്നുണ്ട്. ലയണൽ മെസി ബാഴ്സയിൽ തന്നെ  തുടരുമെന്ന് ഉറപ്പ് നൽകുകയും അത്‌ പരസ്യമായി ക്ലബ്ബിനെ അറിയിക്കുകയും ചെയ്താൽ രാജിവെക്കാമെന്നാണ് ബർതോമ്യുവിന്റെ  പക്ഷം. സ്പാനിഷ് മാധ്യമമായ ടിവി ത്രീയാണ് ഈ വാർത്തയുടെ ഉറവിടം. ഇതോടെ കാര്യങ്ങൾ മെസിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌. ഇനി മെസിയാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്ന നിലപാടിലെത്തി നിൽക്കുകയാണ് ബാഴ്സ.

എന്നാൽ ഇതുവരെ മെസി  ഇക്കാര്യത്തിൽ തന്റെ   പ്രതികരണമറിയിച്ചിട്ടില്ല. എന്നിരുന്നാലും  മെസിക്ക് ഇപ്പോഴും ക്ലബ് വിടാൻ തന്നെയാണ് താല്പര്യം എന്നാണ് അറിയാൻ കഴിയുന്നത്. മുമ്പ് ക്ലബിന്റെ ഡ്രസിങ് റൂമിലുള്ള കാര്യങ്ങൾ വരെ മുഖപത്രങ്ങളിലൂടെ വാർത്തകളായി  താരങ്ങൾക്കെതിരെ  വന്നതിനെതിരെ മെസി  പരസ്യമായി മുന്നോട്ടു വന്നിരുന്നു. കൂടാതെ മെസി ബാഴ്‌സ വിടുമെന്ന റിപ്പോർട്ടുകൾ വന്നു തുടങ്ങിയതോടെ  ബർതോമ്യുവിനെതിരെ ആരാധകർ വൻ  പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ബർതോമ്യുവിന്റെ രാജി ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ക്യാമ്പ് നൗവിന് പുറത്തു ആരാധകരുടെ  പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മെസിയെ സമ്മർദ്ദത്തിലാക്കി  ബർതോമ്യു രാജിക്കുള്ള സമ്മതം അറിയിക്കുകയും കാര്യങ്ങൾ മെസിയിലേക്ക് തിരിച്ചു വിടുകയും ചെയ്തത്. ബർതോമ്യു കയ്യൊഴിഞ്ഞതോടെ ഇനി  മെസിയുടെ തീരുമാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.