പ്രതിരോധം ശക്തമാക്കാൻ ബാഴ്സ, ലിവർപൂളിന്റെയും ചെൽസിയുടെയും സൂപ്പർതാരങ്ങൾ പരിഗണനയിൽ

Image 3
FeaturedFootballLa Liga

വരുന്ന ജനുവരി ട്രാൻസ്ഫറിൽ പ്രതിരോധം ശക്തിപ്പെടുത്താൽ പ്രതിരോധതാരങ്ങളെ സ്വന്തമാക്കാൻ പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകനായ റൊണാൾഡ്‌ കൂമാൻ. ഫ്രഞ്ച് പ്രതിരോധതാരം സാമുവൽ ഉംറ്റിട്ടിയെ ട്രാൻഫർ വിപണിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ പകരക്കാരെ തേടുകയാണ് ബാഴ്സ. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അധികം വില ചോദിക്കാത്ത താരങ്ങൾക്കു വേണ്ടിയായിരിക്കും ബാഴ്സയുടെ ശ്രമം.

മാഞ്ചസ്റ്റർ സിറ്റിയുടെ യുവസ്പാനിഷ് പ്രതിരോധതാരം എറിക് ഗാർഷ്യ ബാഴ്സയുടെ പ്രധാനലക്ഷ്യമാണെങ്കിലും സിറ്റിയുമായി ഇതുവരെയും കരാറിനെ സംബന്ധിച്ച് ഒത്തുതീർപ്പിലെത്താൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സീസൺ അവസാനം കരാർ തീരാനിരിക്കുന്ന താരത്തിനെ സമ്മർ ട്രാൻസ്ഫറിൽ സ്വന്തമാക്കാനാണ് ബാഴ്സയുടെ നീക്കം.

താരവുമായി നിരന്തരമായി ബന്ധം പുലർത്തുന്ന ബാർസക്ക് താരത്തെ സ്വന്തമാക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സമ്മർ ട്രാൻസ്ഫർ വരെ കാത്തിരിക്കുന്നതിനു പകരം ജനുവരിയിൽ തന്നെ പകരക്കാരെ സ്വന്തമാക്കി പ്രതിരോധം ശക്തമാക്കാനുള്ള ശ്രമമാണ് ബാഴ്സ നടത്തുന്നത്. അതിനായി ബാഴ്സ കണ്ടു വെച്ചിരിക്കുന്ന ഒരു താരം ചെൽസിയുടെ ജർമൻ പ്രതിരോധതാരം അന്റോണിയോ റുഡിഗറിനെയാണ്. കഴിഞ്ഞ സമ്മറിൽ തന്നെ ചെൽസി വിടാനിരുന്ന താരമാണ് റുഡിഗർ.

ചെൽസിയിൽ തിയാഗോ സിൽവ വന്നതോടെ അവസരങ്ങൾ കുറഞ്ഞ താരം ഈ ജനുവരിയിൽ ചെൽസി വിടാനുള്ള ശ്രമത്തിലാണ്. റുഡിഗറെകൂടാതെ ലിവർപൂൾ പ്രതിരോധതാരം ജോയൽ മാറ്റിപിനു വേണ്ടിയും ബാഴ്സ ശ്രമം നടത്തുന്നുണ്ട്. എന്നാൽ നിലവിൽ പ്രതിരോധത്തിലെ നാലു പ്രധാനതാരങ്ങളെ പരിക്കുമൂലം നഷ്ടപ്പെട്ടതോടെ മാറ്റിപിന്റെ സേവനം ക്ളോപ്പിനു അത്യാവശ്യമായി വന്നിരിക്കുകയാണ്. മാറ്റിപിനെ കൂടാതെ ആഴ്സണലിന്റെ സ്‌കോഡ്രാൻ മുസ്താഫി,റോമയുടെ ഫെഡറികോ ഫാസിയോ, മിലാന്റെ മതെയോ മുസാചിയോ, ഫിയോറെന്റീനയുടെ ജർമൻ പസെല്ല എന്നിവരും ബാഴ്സയുടെ റഡാറിലുണ്ട്.