ഹൂഡയെ ഒരു വര്‍ഷത്തേയ്ക്ക് പുറത്താക്കി, ക്രുണാലിന്റെ ‘പ്രതികാരം’

വഡോദര: മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീമിന്റെ ക്യാംപില്‍ നിന്ന് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡയ്ക് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍. ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് യുവതാരത്തിനെതിരെ കടുത്ത ശിക്ഷ നടപടി സ്വീകരിച്ചത്.

ടീം മാനേജര്‍, പരിശീലകന്‍ എന്നിവരില്‍ നിന്ന് വിശദീകരണം കേട്ടതിന് ശേഷമാണ് ഹൂഡയ്ക്കെതിരെ തീരുമാനമെടുത്തത്. എന്നാല്‍ ചില അംഗങ്ങള്‍ അസോസിയേഷന്റെ തീരുമാനത്തിനെതിരെ വിയോജിച്ചു. ഈ സീസണില്‍ ഹൂഡയിനി ബറോഡയുടെ ജേഴ്സി അണിയില്ല. എന്നാല്‍ അടുത്ത സീസണില്‍ താരത്തിന് തിരിച്ചെത്താം.

ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ മോശമായാണ് പെരുമാറുന്നത് എന്നാരോപിച്ചായിരുന്നു ടീം ക്യാന്പില്‍നിന്നുള്ള മടക്കം. സഹതാരങ്ങളുടെ മുന്നില്‍വെച്ച് മോശമായി സംസാരിച്ചെന്നും ദീപക് ഹൂഡ ആരോപിച്ചിരുന്നു.

വിലക്കിയ കാര്യം ഹൂഡയെ അറിയിച്ചിട്ടുണ്ട്. മാനേജ്മെന്റുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ടീമില്‍ നിന്ന് ഇറങ്ങിപ്പോയ ഹൂഡ തെറ്റായ കാര്യമാണ് ചെയ്തതെന്നും എന്നാല്‍ അദ്ദേഹത്തെ സീസണ്‍ മുഴുവന്‍ വിലക്കാനുള്ള തീരുമാനം അനാവശ്യമായിരുന്നുവെന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പരാഗ് വ്യക്തമാക്കി. അദ്ദേഹത്തെ ശാസിക്കുകയും പിന്നീട് കളിക്കാന്‍ അനുവദിക്കുകയും ചെയ്യണമായിരുന്നുവെന്നും പരാഗ് പറഞ്ഞു.

നായകന്‍ ക്രുണാല്‍ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് വാക്കേറ്റത്തിലെത്തിയത്. ഈ മാസം 9നാണ് ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ദീപക് ഹൂഡ ഇറങ്ങിപ്പോയത്. പരിശീലനത്തിനിടെ ക്രുണാല്‍ പാണ്ഡ്യ തന്നെ അധിക്ഷേപിച്ചുവെന്നാണ് ദീപക് ഹൂഡ ബി.സിഎ മാനേജ്മെന്റിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്.

ഈ സീസണില്‍ ഹൂഡയെ ബറോഡയുടെ ഉപനായകനായി നിയമിച്ചിരുന്നു. ബറോഡക്കായി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 123 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് 25കാരനായ ദീപക് ഹൂഡ. നിലവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

You Might Also Like