ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സ നിർബന്ധമായും സ്വന്തം തട്ടകത്തിലെത്തിക്കാൻ ഉദ്ദേശിക്കുന്ന താരങ്ങൾ

ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി വെറും രണ്ടാഴ്ച്ച മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസണിൽ തകർന്നടിഞ്ഞ ബാഴ്‌സ അതിൽ നിന്നും കരകയറാനായി ഒരൊറ്റ സൈനിങ് പോലും നടത്തിയിട്ടില്ലെന്നതാണ് ആശങ്കയുയർത്തുന്നത്. ആർതറിന് പകരമായി പ്യാനിച്ചും കൂട്ടീഞ്ഞോ ബയേണിൽ തിരികെയെത്തിയതും ഒഴികെ ബാഴ്സക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. പക്ഷെ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുമ്പ് നാലു പൊസിഷനുകളിലേക്ക് താരങ്ങളെ ബാഴ്‌സക്ക് കണ്ടെത്തേണ്ടതുണ്ട്.
ടീമിന്റെ പ്രകടനത്തെ ശക്തമാക്കാൻ നാല് താരങ്ങളെ നിർബന്ധമായും സൈൻ ചെയ്യണമെന്നാണ് കൂമാന്റെ ആവശ്യം. ആദ്യമായി ഒരു റൈറ്റ് ബാക്കിനെയാണ് ബാഴ്സക്ക് ആവിശ്യം. സെമെഡോ വോൾവ്‌സിലേക്ക് ചേക്കേറിയതിനാൽ സെർജിയോ റോബർട്ടോ മാത്രമേയുള്ളു ആ പൊസിഷനിൽ. അയാക്സ് താരം സെർജിനോ ഡെസ്റ്റിനെയാണ് കൂമാൻ ലക്ഷ്യമിടുന്നത്. അയാക്സ് 25 മില്യൺ ആവിശ്യപ്പെടുന്നതും ബയേണിന്റെ വെല്ലുവിളിയുമാണ് ബാഴ്സക്ക് പ്രതിസന്ധിയാവുന്നത്. ഒപ്പം നോർവിച്ച് താരം മാക്സ് ആരോൺസും കൂമാന്റെ ഓപ്ഷനാണ്.
FC Barcelona have just two weeks to make four new signings https://t.co/JvgyTUfoFf
— SPORT English (@Sport_EN) September 22, 2020
രണ്ടാമതായി ഒരു സെന്റർ ബാക്കിനെയാണ് കൂമാന് വേണ്ടത്. നിലവിൽ പിക്വേ, ലെങ്ലെറ്റ്, ഉംറ്റിറ്റി, ടോഡിബോ, അരൗജോ എന്നിവർ ഉണ്ടെങ്കിലും ഇവരൊന്നും തന്നെ കൂമാനെ തൃപ്തിപ്പെടുത്തുന്നില്ല. ആയതിനാൽ തന്നെ സിറ്റി താരം എറിക് ഗാർഷ്യയെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കൂടാതെ ഒരു മിഡ്‌ഫീൽഡറെയും കൂമാന് വേണം. വലിയ തോതിൽ ആവിശ്യമില്ലെങ്കിലും വൈനാൾഡത്തെ സൈൻ ചെയ്യാൻ കൂമാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫലം കണ്ടില്ല. അത്കൊണ്ട് തന്നെ നിലവിൽ മറ്റൊരു മിഡ്‌ഫീൽഡർ കൂമാന്റെ പരിഗണനയിൽ ഇല്ല. രണ്ട് മിഡ്ഫീൽഡർമാരെ മാത്രം ഉപയോഗിക്കുന്ന കൂമാന് ഡിജോങ്, ബുസ്ക്കെറ്റ്സ്, പ്യാനിക്ക്, അലേന, പുജ് എന്നിവർ ഉണ്ട്.
അവസാനമായി ബാഴ്‌സക്കാവശ്യമായുള്ളത് ഒരു സ്‌ട്രൈക്കറെയാണ്. സുവാരസിന്റെ വിടവ് നികത്തുന്ന ഒരാളെയാണ് ബാഴ്‌സ നോട്ടമിടുന്നത്. ലൗറ്റാരോ മാർട്ടിനെസ്, മെംഫിസ് ഡീപേ ഇരുവരിലൊരാളായിരുന്നു ബാഴ്‌സയുടെ പരിഗണന. എന്നാൽ രണ്ടും ഇതുവരെ നടത്താനായിട്ടില്ല. കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് ട്രാൻസ്ഫറുകൾക്കെല്ലാം തടസമായി നിലകൊള്ളുന്നത്.