ശുദ്ധികലശത്തിന് ബാഴ്‌സ, 12 പേരടങ്ങുന്ന ടീമിനെ തന്നെ പുറത്താക്കുന്നു

സമ്മർ ട്രാൻസ്ഫർ അടുക്കുന്നതോടെ കൂട്ടത്തോടെ താരങ്ങളെ വിറ്റൊഴിക്കാനുള്ള നീക്കത്തിലാണ് ബാഴ്സലോണ. ഏകദേശം പന്ത്രണ്ടോളം താരങ്ങളെയാണ് ബാഴ്‌സ ഈ ട്രാൻഫർ വിപണിയോടെ വിറ്റു പുതിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമം നടത്താനൊരുങ്ങുന്നത്.

കൊറോണക്ക് ശേഷം ഫുട്ബോൾ ലോകം തന്നെ സാമ്പത്തികമായി ചുരുങ്ങുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ബാഴ്സയെയും അലട്ടുന്ന കാര്യം. ഇന്റർമിലാൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിന് വേണ്ടി പണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ബാഴ്സ. ക്ലബിന്റെ സൂപ്പർ താരങ്ങളുൾപ്പെടുന്ന ഒരു നിരയെ തന്നെ ബാഴ്സ ഒഴിവാക്കുന്നതോടെ പുതിയ താരങ്ങളെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള സാമ്പത്തിക ഭദ്രത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗോൾകീപ്പർ നെറ്റോ, നെൽസൺ സെമെടോ, സാമുവൽ ഉംറ്റിറ്റി, ജൂനിയർ ഫിർപ്പോ, ഇവാൻ റാക്കിറ്റിച്ച്, ആർതുറോ വിദാൽ, ഉസ്മാൻ ഡെംബലെ, മാർട്ടിൻ ബ്രാത്വെയിറ്റ്, കാർലെസ് അലേന, റഫീഞ്ഞ അൽകാന്ററ, ജീൻ ക്ലെയർ ടോഡിബൊ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നീ പന്ത്രണ്ട് താരങ്ങളെ വിൽക്കാനാണ് ബാഴ്സയുടെ ഉദ്ദേശ്യം. 

കൂടാതെ അക്കാദമി താരങ്ങളായ റിക്കി പുജ്, അൻസു ഫാറ്റി, റൊണാൾഡ്‌ അറോഹോ എന്നിവരെ സ്‌ക്വാഡിലേക്ക് സ്ഥാനക്കയറ്റം കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒന്നുകിൽ പരസ്പരകൈമാറ്റത്തിലൂടെ അതല്ലെങ്കിൽ വിൽപ്പന വഴി കിട്ടുന്ന തുകകൊണ്ട് താരങ്ങളെ ക്യാമ്പ് നൗവിലെത്തിക്കാനാവും ബാഴ്‌സ ശ്രമിക്കുക. നിലവിൽ നാലു താരങ്ങളെയാണ് ബാഴ്സ വാങ്ങിയിരിക്കുന്നത്.പെഡ്രി, മാത്യുസ് ഫെർണാണ്ടസ്, ട്രിൻകാവോ, പ്യാനിച്ച് എന്നിവരാണവർ. വലിയ സാലറി വാങ്ങുന്ന കുറച്ചു താരങ്ങളെ ഒഴിവാക്കുന്നതോടെ സാമ്പത്തികമായി ട്രാൻസ്ഫർ വിപണിയിൽ സജീവമാകാൻ ബാഴ്‌സക്ക് സാധിക്കും.

You Might Also Like