നാലുതാരങ്ങളൊഴികെ എല്ലാവരെയും വിൽക്കുന്നു, കടുത്ത തീരുമാനങ്ങളുമായി ബാഴ്‌സ

ചാമ്പ്യൻസ്‌ലീഗിലെ ബയേണിനോടേറ്റ ദയനീയ തോൽവി ബാഴ്സലോണയുടെ വമ്പൻ തോൽവി അടിമുടി മാറ്റത്തിന് കാരണമാവകയാണ്. ക്ലബിലെ നാലു പ്രധാനതാരങ്ങളെയൊഴിച്ച് മുഴുവൻ താരങ്ങളെയും ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിൽപ്പനക്ക് വെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഗോൾകീപ്പർ മാർക്ക്‌ ആന്ദ്രേ ടെർസ്റ്റീഗൻ, സൂപ്പർ താരം ലയണൽ മെസ്സി, മധ്യനിര താരം ഡിജോംഗ്, ഡിഫൻഡർ ലെങ്ലെറ്റ് എന്നിവരെയാണ് ബാഴ്‌സ നിലനിർത്തുക. ബാക്കിയുള്ള പതിനഞ്ചിൽ പരം താരങ്ങളെ ബാഴ്സ വിറ്റേക്കും . അതേസമയം റിക്കി പുജ്‌, അൻസു ഫാറ്റി, റൊണാൾഡ്‌ അറൗഹോ എന്നിവർക്ക് ഫസ്റ് ടീമിലേക്ക് സ്ഥാനകയറ്റം നൽകും.

സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസ്, ജെറാർഡ് പിക്വേ, ജോർഡി ആൽബ എന്നിവരെയും അനുയോജ്യമായ ഓഫറുകൾ ലഭിച്ചാൽ വിൽക്കാനാണ് ബാഴ്സയുടെ തീരുമാനം. ബാഴ്സയിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്ന് തോൽവിക്കു ശേഷം പ്രസിഡന്റ്‌ ബർതോമ്യു ഉറപ്പ് നൽകിയിരുന്നു. സാമുവൽ ഉംറ്റിറ്റി, ഇവാൻ റാക്കിറ്റിച്ച്, ആർതുറോ വിദാൽ, സെർജി റോബർട്ടോ,ബുസ്ക്കെറ്റ്സ് എന്നിവരെല്ലാം തന്നെ ബാഴ്‌സയുടെ വിൽപ്പനക്കുള്ള ലിസ്റ്റിൽ ഉണ്ട്.

താരങ്ങളുടെ മോശം ഫോമും വയസ്സ് വർധിച്ചതുമൊക്കെയാണ് ബാഴ്‌സ ഒഴിവാക്കാനുള്ള കാരണമായി കണക്കാക്കുന്നത്. ശേഷിക്കുന്ന എല്ലാ താരങ്ങളെയും ഒഴിവാക്കാൻ തന്നെയാണ് ബാഴ്സ ആലോചിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം എത്രത്തോളം ഈ തീരുമാനം നടക്കുമെന്ന് ഉറപ്പില്ലെങ്കിലും താരങ്ങളെ വിൽക്കാൻ സാധിച്ചാൽ ലൗറ്ററോ മാർട്ടിനെസ്, എറിക് ഗാർഷ്യ എന്നിവരെ ബാഴ്സ ടീമിൽ എത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നത്.

You Might Also Like