സാമ്പത്തിക പ്രതിസന്ധി, മറ്റൊരു സൂപ്പർ താരത്തെ കൂടി വിൽക്കാനൊരുങ്ങി ബാഴ്‌സലോണ

നിലവിൽ ബാഴ്സലോണയുടെ ഏറ്റവും മികച്ച ഗോൾകീപ്പറായി തുടരുന്ന ജർമൻ  സൂപ്പർതാരമാണ് മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗൻ. ചാമ്പ്യൻസ്‌ലീഗിലെ ബയേണുമായുള്ള ദയനീയതോൽവിക്കു ശേഷം ബാഴ്സക്കായി കളിക്കാൻ താരത്തിനു സാധിച്ചിട്ടില്ല. പരിക്കു മൂലം ശസ്ത്രക്രിയ ചെയ്യേണ്ടി വന്ന താരം തിരിച്ചു വരവിന്റെ പാതയിലാണുള്ളത്. അടുത്തിടെ താരത്തിന്റെ ബാഴ്സയിലെ കരാറും ബാഴ്സലോണ പുതുക്കിയിരുന്നു.

അഞ്ചു വർഷത്തെ കരാറിൽ 2025 വരെയാണ് താരത്തെ ബാഴ്‌സലോണ പുതിയ കരാറു നൽകി നിലനിർത്തിയത്. ബർതോമ്യു പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന സമയത്താണ് ടെർ സ്റ്റീഗനുമായി കരാറിലെത്തുന്നത്. എന്നാൽ പിന്നീട് അദ്ദേഹം ആവിശ്വാസപ്രമേയത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി രാജി വെക്കുകയായിരുന്നു. എന്നാൽ ഇതോടെ സ്റ്റീഗന്റെ ബാഴ്സയിലെ ഭാവിയിൽ പുതിയ വഴിതിരിവുണ്ടായിരിക്കുകയാണെന്നാണ് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്.

സ്പാനിഷ് മാധ്യമമായ ടോഡോ ഫിചായെസ് എന്ന മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സ സ്റ്റീഗനെ വിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് അറിയാനാവുന്നത്. ഈ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് സ്പാനിഷ് മാധ്യമമായ എഎസ് ഡോട്ട് കോമും രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സയെ അലട്ടുന്ന പ്രധാന പ്രശ്നം. അതിനു ഒരു പരിഹാരമെന്ന നിലക്കാണ് ബാഴ്സയുടെ ഇത്തരത്തിലൊരു നീക്കം.

അടുത്തിടെ താരങ്ങളുടെ വേതനം വീട്ടിക്കുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാഴ്സ പാപ്പരായേക്കുമെന്നുള്ള റിപ്പോർട്ടുകൾ ശക്തമായിരുന്നു. 80 മില്യൺ യൂറോയാണ് ഈ ഡീലിലൂടെ ബാഴ്‌സ വരുമാനം പ്രതീക്ഷിക്കുന്നത്. അതിനായി ജർമൻ വമ്പന്മാരായ ബയേണിലേക്കാണ് താരത്തെ ബാഴ്സ നൽകാൻ തയ്യാറായിരിക്കുന്നത്. 35കാരൻ മാനുവൽ നൂയറിന്റെ പകരക്കാരനായി സ്റ്റീഗൻ ബയേണിലേക്ക് ചേക്കേറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 2014ലാണ് ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാക്കിൽ നിന്നും ബാഴ്‌സലോണ സ്റ്റീഗനെ സ്വന്തമാക്കുന്നത്.

You Might Also Like