കളിക്കാനാളില്ലാതെ ബാഴ്‌സ, ചാമ്പ്യന്‍സ് ലീഗ്‌ ബി ടീമിൽ നിന്നും താരങ്ങളെ ഉൾപ്പെടുത്തി

Image 3
FeaturedFootball

ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ നാപോളിയെ നേരിടാനൊരുങ്ങുന്ന ബാഴ്‌സലോണക്ക് വലിയൊരു പ്രതിസന്ധിയാണ് മുന്നിലുള്ളത്. താരങ്ങളുടെ സസ്‌പെന്‍ഷനും പരിക്കും മൂലം സ്‌ക്വാഡില്‍ ആളെ തികയ്ക്കാന്‍ ബുദ്ദിമുട്ടുകയാണ് സെറ്റിയനും സഹപ്രവര്‍ത്തകരും. ഇതിനകം തന്നെ ബാഴ്‌സ ബിയിലെ ഒട്ടുമിക്ക യുവതാരങ്ങളെയും ഫസ്റ്റ് ടീമിനൊപ്പം പരിശീലനത്തിന് അയച്ചിരിക്കുകയാണ് സെറ്റിയന്‍.

അതേസമയം സബടെല്ലിനോട് 2-1 ന് തോല്‍വി അറിഞ്ഞതിനാല്‍ പ്ലേഓഫ് ഫൈനല്‍ കാണാതെ ബാഴ്‌സലോണ ബി പുറത്തായിരുന്നു. അതുകൊണ്ട് ബി ടീമിലെ എല്ലാ അംഗങ്ങളെയും സെറ്റിയന് ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ നിന്ന് അഞ്ച് താരങ്ങളെ നാപോളിക്കെതിരായ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനാണ് ബാഴ്‌സ ആലോചിക്കുന്നത്. കറ്റാലന്‍ മാധ്യമമായ സ്‌പോര്‍ട്ട് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബാഴ്‌സ ബി താരങ്ങളായ കുയെന്‍ക, മിങ്കുവേസ, ജാന്‍ഡ്രോ, മോഞ്ചു, കോന്റാഡ് എന്നീ അഞ്ച് താരങ്ങളെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സെറ്റിയന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സീനിയര്‍ താരങ്ങളായ വിദാല്‍, ബുസ്‌കെറ്റ്‌സ് എന്നിവരുടെ സസ്പെന്‍ഷനും ഉംറ്റിറ്റിയുടെ പരിക്കുമൊക്കെയാണ് സെറ്റിയന് തലവേദനയാവുന്നത്.കൂടാതെ പരിക്കില്‍ നിന്നും മോചിതരായി പരിശീലനം ആരംഭിച്ച ഗ്രീസ്മാന്‍, ലെങ്‌ലെറ്റ്, ഡെംബലെ എന്നിവര്‍ കളിക്കുമോ എന്നുറപ്പില്ല.

ഇത് മാത്രമല്ല നിലവില്‍ ബാഴ്‌സ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മൂന്ന് താരങ്ങള്‍ ബാഴ്‌സ ബി ടീമിലെ അംഗങ്ങള്‍ ആണ്. അന്‍സു ഫാറ്റി, റിക്കി പുജ്, റൊണാള്‍ഡ് അറോഹോ എന്നിവര്‍ ബാഴ്‌സയുടെ സീനിയര്‍ ടീമിന് വേണ്ടി കളിക്കുന്നതാണ്. ഇതില്‍ പീകെയുടെ പകരക്കാരനായ അറോഹോക്ക് പരിക്കേറ്റതാണ് നാപോളിക്കെതിരെയുള്ള ബാഴ്‌സ പ്രതിരോധത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്.