ബാഴ്സ സൂപ്പർതാരത്തിന് പരിക്ക്, അത്ലറ്റിക്കോക്കെതിരെ പ്രതിസന്ധിയിലായി കൂമാൻ

Image 3
FeaturedFootballLa Liga

റയൽ ബെറ്റിസുമായി ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ  അഞ്ചു ഗോളിന്റെ തകർപ്പൻ വിജയമാണ് ബാഴ്സ  സ്വന്തമാക്കിയത്. ലയണൽ മെസിയുടെ ഇരട്ട ഗോളുകളും  ഗ്രീസ്‌മാൻ, ഡെമ്പെലെ, പെഡ്രി എന്നിവരും ലക്ഷ്യം കണ്ടതോടെയാണ് നാലു മത്സരങ്ങളായുള്ള വിജയവരൾച്ചക്ക് അറുതിയായത്.

ഓപ്പൺ പ്ലേ ഗോളുമായി മെസി മാൻ ഓഫ് ദ മാച്ചായ മത്സരം കൂമാനു ആശ്വാസമേകുന്നുണ്ടെങ്കിലും ബാഴ്സയുടെ  പ്രധാനതാരത്തിനു പരിക്കേറ്റത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. യുവതാരം അൻസു ഫാറ്റിക്കാണ് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്കു മൂലം താരത്തെ മത്സരത്തിനിടെ പിൻവലിച്ചിരുന്നു.  പെനാൽറ്റി ബോക്സിൽ വെച്ചു ഐസ മന്റി ചെയ്ത ഫൗളിലാണ് ഫാറ്റിക്ക് മുട്ടിനു പരിക്കേറ്റത്.

ആ ഫൗളിന് ബാഴ്സക്ക് പെനാൽറ്റി ലഭിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ ഗ്രീസ്മാൻ അത് പാഴാക്കുകയായിരുന്നു. മുട്ടിലെ മെനിസ്‌കസിനാണ് പരിക്കേറ്റതെന്നു വിദഗ്ധപരിശോധനക്ക്   ശേഷം അറിയിക്കുകയായിരുന്നു.  രണ്ടു മുതൽ അഞ്ചു മാസം വരെ  പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ടെസ്റ്റുകൾക്ക് വിധേയനാക്കി ശസ്ത്രക്രിയ ആവശ്യമായി വരുമോയെന്നും പരിശോധിച്ചേക്കും.

ഇതോടെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നടക്കാനിരിക്കുന്ന അത്ലെറ്റികോക്കെതിരായുള്ള സുപ്രധാന മത്സരത്തിനും ഫാറ്റിക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സൂപ്പർതാരം ഫിലിപ്പെ കൂട്ടീഞ്ഞോക്കു പുറമെ അൻസു ഫാറ്റിയും പുറത്തായതോടെ കൂമാൻ വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ തരങ്ങൾക്ക് പരിക്കു പറ്റരുതെന്ന പ്രാർത്ഥനയിലാണ് കൂമാനും സംഘവും.