ലെസ്റ്റർ സൂപ്പർ താരത്തെ റാഞ്ചാൻ ബാഴ്സ , പിന്നാലെ ലിവർപൂളും

ലൈസസ്റ്റർ സിറ്റിയുടെ ടർക്കിഷ് പ്രതിരോധതാരമായ കാഗ്ലാർ സോയുങ്കുവിന് വേണ്ടി സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പാനിഷ് മാധ്യമമായ ഡയാറിയോ സ്പോർട്ട് ആണ് വാർത്ത പുറത്ത് വിട്ടത്. മുപ്പത്തിരണ്ട് മില്യൺ പൗണ്ടിന്റെ കരാറാണ് താരത്തിന് വേണ്ടി ബാഴ്സ മുടക്കാനുദ്ദേശിക്കുന്നത്.

താരവുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ലെയ്സെസ്റ്റർ സിറ്റി നടത്തികൊണ്ടിരിക്കെയാണ് ബാഴ്സലോണയുടെ പുതിയ നീക്കം. കൂടാതെ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളും താരത്തിന് വേണ്ടി രംഗത്തുണ്ട്. ബ്രെണ്ടൻ റോഡ്‌ജേഴ്സിന്റെ പ്രധാനതാരമായ സോയുങ്കുവിനു നിലവിൽ മൂന്ന് വർഷം കൂടി ലെയ്സെസ്റ്റർ സിറ്റിയുമായി കരാറുണ്ട്.

2018-ലാണ് താരം ഫ്രൈബർഗിൽ നിന്നും ലെയ്സെസ്റ്റർ സിറ്റിയിലേക്ക് എത്തുന്നത്. എന്നാൽ അതിന് മുൻപ് തന്നെ ബാഴ്സലോണ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് താരത്തിന്റെ ഏജന്റ് ആയ മുസ്‌തഫ ഡോഗ്രു വെളിപ്പെടുത്തിയിരുന്നു. ടർക്കിഷ് ക്ലബായ അൽറ്റിനോർദുവിൽ കളിക്കുന്ന കാലത്ത് തന്നെ ബാഴ്സ താരത്തിന് വേണ്ടി ക്ലബ്ബിനെ സമീപിച്ചിരുന്നു.

എന്നാൽ സോയുങ്കുവിന് ഫസ്റ്റ് ടീം സ്ഥാനം നൽകണം എന്ന നിർബന്ധം മൂലമാണ് താരം ബാഴ്‌സയെ തഴഞ്ഞ് ഫ്രൈബർഗിനെ തിരഞ്ഞെടുത്തത്. ഇപ്പോൾ അദ്ദേഹത്തിന്റെ മുൻ ഏജന്റ് ആയ ഡോഗ്രു തന്നെയാണ് ബാഴ്‌സ താരത്തെ ഈ സമ്മറിൽ സൈൻ ചെയ്യാനുള്ള സാധ്യതകൾ ഉണ്ടെന്ന് വെളിപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ ലിവർപൂളും ബുണ്ടസ്ലിഗയിൽ ബയേൺ മ്യൂണിക്കും താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

You Might Also Like