നെയ്മര്‍ക്ക് മെസിയ്‌ക്കൊപ്പം ബാഴ്‌സയില്‍ കളിക്കാനാകില്ല, കാരണമിതാണ്

Image 3
Football

പുതിയ സീസണില്‍ ബാഴ്സലോണയുടെ കുപ്പായത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കുന്നത് കാണാന്‍ കൊതിച്ച ആരാധകര്‍ക്ക് ദുഖിക്കേണ്ടി വരും. ഇതിഹാസ താരം ലയണല്‍ മെസ്സിയും അടുത്ത കൂട്ടുകാരനായ നെയ്മര്‍ക്കൊപ്പം പന്തുതട്ടുക എന്നത് അസാധ്യമാകും. ഈ സമ്മറില്‍ നെയ്മറെ തിരികെ കൊണ്ടു വരാന്‍ സാധിക്കില്ലെന്നു ബാഴ്സലോണ പ്രഖ്യാപിച്ചു.

നിലവില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുടെ താരമാണ് നെയ്മര്‍. അടുത്ത സീസണില്‍ അദ്ദേഹത്തെ ടീമിലേക്കു തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു ബാഴ്സ. നെയ്മറും തന്റെ പ്രിയപ്പെട്ട ടീമിലേക്കു മടങ്ങിയെത്താന്‍ അതിയായ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം മറ്റു വമ്പന്‍ ക്ലബ്ബുകളെപ്പോലെ ബാഴ്സയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കനത്ത സാമ്പത്തിക നഷ്ടമാണ് ബാഴ്സയ്ക്കു നേരിട്ടത്. ഈ സാഹചര്യത്തില്‍ വന്‍ താരമൂല്യമുള്ള നെയ്മറെ വാങ്ങുക അസാധ്യമാണെന്നാണ് ബാഴ്സ നല്‍കുന്ന സൂചനകള്‍.

കൊവിഡ്-19 കായിക ലോകത്തെ രൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്. മുഴുവന്‍ മല്‍സരങ്ങളും ഇപ്പോള്‍ മാറ്റി വയ്ക്കപ്പെട്ടിരിക്കുകയാണ്. താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ ക്ലബ്ബുകള്‍ സ്വീകരിച്ചു കഴിഞ്ഞു. പല ക്ലബ്ബുകളുടെയും താരങ്ങള്‍ സ്വമേധയായ ശമ്പളം വേണ്ടെന്നും, പകുതി മതിയെന്നും അറിയിച്ചിട്ടുണ്ട്. ഏകദേശം 150 മില്ല്യണ്‍ യൂറോയായിരിക്കും നെയ്മറെ വീണ്ടും ടീമിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിക്കു ബാഴ്സ നല്‍കേണ്ടി വരിക.

അതിനിടെ ഇന്റര്‍മിലാന്റെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ലൊറ്റാറോ മാര്‍ട്ടിനസിനെയും ടീമിലേക്കു കൊണ്ടു വരാന്‍ ബാഴ്സ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 28 കാരനായ നെയ്മറേക്കാള്‍ 23കാരനായ മാര്‍ട്ടിനസിനു വേണ്ടി പണമിറക്കുന്നതായാരിക്കും ദീര്‍ഘകാലത്തേക്കു ബാഴ്സയ്ക്കു ഗുണം ചെയ്യുകയെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു.