ബാഴ്‌സലോണ-റയൽ മാഡ്രിഡ് പോരാട്ടം ഇനി എൽ ക്ലാസിക്കോ ആയിരിക്കില്ല, അപേക്ഷ നിരസിക്കപ്പെട്ടു

ലോകഫുട്ബോളിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഒന്നാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടം, സ്പെയിനിലെ ഏറ്റവും മികച്ച രണ്ടു ക്ലബുകൾ തമ്മിലുള്ള മത്സരം അവർ തമ്മിലുള്ള രാഷ്ട്രീയപരമായ വൈരിയെക്കൂടി പലപ്പോഴും പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. എൽ ക്ലാസിക്കോ എന്ന പേരിലാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള മത്സരം അറിയപ്പെടുന്നത്.

എന്നാൽ ഇനി മുതൽ ബാഴ്‌സലോണ റയൽ മാഡ്രിഡ് പോരാട്ടത്തെ എൽ ക്ലാസിക്കോ എന്ന് വിളിക്കാൻ കഴിയില്ലെന്നാണ് റെലെവോ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങൾ തമ്മിൽ നടക്കുന്ന മത്സരത്തെ എൽ ക്ലാസിക്കോ എന്ന് വിളിക്കാനുള്ള പേറ്റന്റിനായി റയൽ മാഡ്രിഡും ബാഴ്‌സലോണയും നൽകിയ അഭ്യർത്ഥന സ്പെയിനിലെ പേറ്റന്റ് ആൻഡ് ബ്രാൻഡ് ഓഫീസ് തള്ളിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ലാ ലിഗ അവരുടെ സ്ലോഗനിന്റെ ഭാഗമായ എൽ ക്ലാസിക്കോ എന്ന വാക്കിന് പേറ്റന്റ് നേരത്തെ എടുത്തിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് സ്പെയിനിലെ അധികാരികൾ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള പോരാട്ടത്തിന് പേറ്റന്റ് നൽകാതിരുന്നത്. ഇതിനെതിരെ രണ്ടു ടീമുകളും ചേർന്ന് അപ്പീൽ നൽകുമെന്നാണ് വിവരങ്ങൾ. ഒരു മാസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള അവസരമുണ്ട്. അതിൽ പ്രതികൂല വിധിയുണ്ടായാൽ അന്തരാഷ്ട്ര കോടതിയിൽ വീണ്ടും അപ്പീൽ നൽകാം.

പേറ്റന്റ് ലഭിച്ചില്ലെങ്കിൽ രണ്ടു ടീമുകൾക്കും അത് തിരിച്ചടിയാണ്. ബാഴ്‌സലോണക്കും റയൽ മാഡ്രിഡിനും പിന്നീട് ടെലിവിഷൻ ഡീൽ, സൗഹൃദമത്സരങ്ങൾ തുടങ്ങിയവക്കൊന്നും എൽ ക്ലാസിക്കോ എന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ആരാധകർ എക്കാലവും ഇവർ തമ്മിലുള്ള പോരാട്ടത്തെ ആ പേരിലാണ് വിളിക്കുന്നത് എന്നതിനാൽ അത് തുടർന്ന് പോകും.

You Might Also Like