ആദ്യം റാമോസാണ് ഫൗൾ ചെയ്തത്, പെനാൽറ്റി വിവാദത്തിൽ ലൈൻസ്മാന്റെ ശബ്ദശകലം തെളിവുണ്ടെന്നു റിപ്പോർട്ടുകൾ

2020-21 സീസണിലെ ആദ്യ എൽ ക്ലാസിക്കോ കഴിഞ്ഞിട്ടും അതിന്റെ തീയും പുകയും ഇതുവരെയും കെട്ടടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. ബാഴ്സയുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം റയൽ മാഡ്രിഡ്‌ സ്വന്തമാക്കിയെങ്കിലും റയലിന്റെ രണ്ടാമത്തെ ഗോൾ സ്വന്തമാക്കിയ പെനാൽറ്റിയെക്കുറിച്ചാണ് വിവാദങ്ങളുയർന്നിരിക്കുന്നത്.

പ്രസ്തുത സംഭവത്തേക്കുറിച്ച് കൂടുതൽ അന്വേഷണങ്ങളുമായി ബാഴ്സയും രംഗത്തെത്തിയിരിക്കുകയാണ്. റഫറിയുടെയും വീഡിയോ റഫറിയുടെയും സീസണിന്റെ തുടക്കം മുതലുള്ള ബാഴ്സക്കെതിരായ തീരുമാങ്ങളെയും കുറ്റപ്പെടുത്തി ബാഴ്സയുടെ ഒഫീഷ്യൽ പേജിൽ വരെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പെനാൽറ്റി നൽകും മുൻപ് റഫറി മാർട്ടിനെസ് മുനുവേര വീഡിയോ റഫറിയുടെ നിർദേശങ്ങൾക്ക് കാതോർത്തിരുന്നു. പിന്നീട് വീഡിയോ റഫറൻസ് മോണിറ്ററിൽ കൂടുതൽ തെളിവുകൾ നിരീക്ഷിച്ച് പെനാൽറ്റി നൽകാൻ തീരുമാനിക്കുകയായിരുന്നു. ലെങ്ലറ്റ് റാമോസിന്റെ ജേഴ്‌സി പിടിച്ചു വലിച്ചതാണ് കാരണമായി ചൂണ്ടിക്കാണുക്കുന്നത്.

സ്പാനിഷ് മാധ്യമമായ ഡിപ്പോർട്ടസ് ക്വാട്രോയുടെ റിപ്പോർട്ടുകൾ അനുസരിച്ച് സംഭവത്തിനിടക്ക് ലൈൻസ്മാനും റഫറിയോട് ചില കാര്യങ്ങൾ സൂചിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തുന്നത്. അതിനെക്കുറിച്ചുള്ള ലൈൻസ്മാന്റെ ശബ്ദശകലവും ലഭിച്ചിട്ടുണ്ട്. “കൂടുതൽ എന്താണുള്ളത്? റാമോസ് ലെങ്ലറ്റിന്റെ ഷർട്ട്‌ ആദ്യം പിടിച്ചിട്ടുണ്ട് “. ലൈൻസ്മാൻ പറഞ്ഞതിതാണ്.

ഇക്കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കാൻ വാർ റൂമിൽ റഫറിയും ലൈൻസ്മാനുമായി ആ സമയത്ത് നടന്ന സംഭാഷണത്തിന്റെ റെക്കോർഡിങ് തരാൻ ബാഴ്സലോണ വാർ റൂമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. “അത് “റാമോസിന്റെ ഫൗൾ ആണ്. അത് റാമോസിന്റെ ഫൗൾ ആണ്” എന്ന ലൈൻസ്മാന്റെ ശബ്ദശകലം കിട്ടിയിട്ടുണ്ടെന്നു സ്പാനിഷ് മാധ്യമമായ കാഡേനാ സെറും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ബാഴ്സലോണയും കൂടുതൽ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ്.

You Might Also Like