ബാഴ്സക്ക് വൻ തിരിച്ചടി, ജനുവരി 24ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നു

ബാഴ്സ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ബാഴ്സയുടെ പുതിയ പ്രസിഡന്റ് ആയി മാറുന്നത് ആരായിരിക്കുമെന്നത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജനുവരി 24നു നടത്താമെന്നായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ രണ്ടാം വരവ് ആ നീക്കത്തിന് പ്രതികൂലമായി ബാധിക്കുകയായിരുന്നു.

ഇക്കാര്യത്തിൽ നടത്തിയ ചർച്ചക്കൊടുവിൽ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ തീരുമാനമെടുത്തിരിക്കുകയാണ്. കാറ്റാലൻ ഗവണ്മെന്റ് കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 24 വരെ തുടരാൻ തീരുമാനിച്ചതോടെയാണ് ഈ തീരുമാനമെടുക്കാൻ ക്ലബിനെയും ടെറിട്ടോറിയൽ സിവിൽ പ്രൊട്ടക്ഷൻ ഓഫ് കാറ്റലോണിയയേയും നിർബന്ധിതരാക്കിയത്.

കാറ്റാലൻ ഗവണ്മെന്റിന്റെ നിയന്ത്രണം ബാർസ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായി നീക്കാൻ കഴിയില്ലെന്നു അറിയിച്ചതോടെയാണ് ഈ തീരുമാനം. പുതിയ തീയതി ഉടൻ അറിയിക്കുമെന്നാണ് അറിയാനാകുന്നത്. കാറ്റാലൻ മാധ്യമമായ റാക് വണ്ണിന്റെ റിപ്പോർട്ടുകൾ പ്രകാരം തിരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് പോസ്റ്റൽ വോട്ടിങ്ങിനു അനുവദിക്കണമെന്ന ആവശ്യവും ബാഴ്സലോണ റീജിയണൽ ഗവണ്മെന്റിനോട് അറിയിച്ചുവെന്നാണ് അറിയാനാകുന്നത്.

എന്തായാലും ഈ പുതിയ നീക്കം ബാഴ്സയുടെ ജനുവരി ട്രാൻസ്ഫർ ലക്ഷ്യങ്ങളെയും ബാധിക്കുമെന്നുറപ്പായിരിക്കുകയാണ്. പുതിയ താരങ്ങളെ സ്വന്തമാക്കണമെങ്കിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ സമ്മതവും ഇനി ബാഴ്സക്ക് വാങ്ങേണ്ടി വരും. ഏതെങ്കിലും സ്ഥാനാർത്ഥി അതിനും വിസമ്മതമറിയിച്ചാൽ ട്രാൻസ്ഫർ നടക്കില്ലെന്നതാണ് പുതിയ പ്രതിസന്ധിയായി നിലകൊള്ളുന്നത്. ഏപ്രിലിലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്.

You Might Also Like