മുന്‍ ബാഴ്‌സ താരം സാവിയെ സ്വന്തമാക്കാന്‍ ശ്രമിച്ച് ബ്ലാസ്റ്റേഴ്‌സ്, തടഞ്ഞ് ഐഎസ്എല്‍, കാരണമിതാണ്

Image 3
FootballISL

മുന്‍ ബാഴ്‌സലോണ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സാവി ടോറസിനെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചതായി വെളിപ്പെടുത്തല്‍. പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗവിലെ മാധ്യമ പ്രവര്‍ത്തകന്‍ ആശിഷ് നേഖിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ഐഎസ്എള്‍ അധികൃതര്‍ ഈ നീക്കം തടയുകയായിരുന്നത്രെ. സാവി ടോറസിന് ഒത്തുകളിയായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ ഹിസ്റ്ററിയാണ് ബ്ലാസ്റ്റേഴ്‌സിനെ ഈ നീക്കത്തില്‍ നിന്ന് ഐഎസ്എല്‍ അധികൃതര്‍ തടയാനുളള കാരണം. ഒത്തുകളിയുമായി ബന്ധപ്പെട്ടകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് ഐഎസ്എല്‍ അധികൃതരുടെ നിലപാട്.

സാവിയുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിടാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തിയത്. ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപയ്ക്കാണ് (150കെ ഡോളര്‍) ബ്ലാസറ്റേഴ്‌സ് സാവിയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചത്.

നേരത്തെ ലാലിഗ ക്ലബ് റയല്‍ ബെറ്റിസിനായി കളിച്ചപ്പോഴാണ് രണ്ട് മത്സരങ്ങളില്‍ സാവി ഒത്തുകളി നടത്തിയത്. 2018ല്‍ എലീഗ് ക്ലബ് പെര്‍ത്ത് ഗ്ലോറിയില്‍ കളിക്കുമ്പോഴായിരുന്നു സാവിയുടെ കുറ്റസമ്മതം. ഇതോടെ സ്പാനിഷ് കോടതി താരത്തിന്റെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതാണ് സാവിയുടെ കരിയറിലെ കറുത്ത പാടായത്.

വില്ലാ റയല്‍ അക്കാദമിയിലൂടെ പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് വന്ന സാവി 2007ലാണ് ബാഴ്‌സലോണയുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പ് വെക്കുന്നത്. ബാഴ്‌സലോണ ബി ടീമില്‍ 59 മത്സരം കളിച്ച താരം 2009ല്‍ ബാഴ്‌സലോണ സീനിയര്‍ ടീമില്‍ അരങ്ങേറി. എന്നാല്‍ രണ്ട് മത്സരം മാത്രമാണ് താരം കളിച്ചത്. ആ വര്‍ഷം തന്നെ മറ്റൊരു ലാലിഗ ക്ലബ് മലാഗ താരത്തെ സ്വന്തമാക്കുകയായിരുന്നു.