അൻസു ഫാറ്റിക്ക് പൊന്നും വിലയിട്ട് ബാഴ്‌സ, റിലീസ് ക്ളോസ് കൂട്ടിയേക്കും
ലാ മാസിയയുടെ പുത്തൻ താരോദയമായ അൻസു ഫാറ്റി ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളടിയിൽ റെക്കോർഡിട്ട താരം ബാഴ്‌സയുടെ ഭാവിവാഗ്ദാനമായി കരുതപ്പെടുന്നു. ഈ സീസണിൽ എല്ലാ കോംപിറ്റീഷനുകളിലുമായി മുപ്പത്തിരണ്ട് മത്സരങ്ങൾ കളിച്ച താരം എട്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
താരത്തിന്റെ പ്രകടനത്തിൽ ആകൃഷ്ടരായി മാഞ്ചെസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ടീമുകൾ അദ്ദേഹത്തെ സ്വന്തമാക്കാന്‍ രംഗത്ത് വന്നിരുന്നു. എന്നാൽ താരത്തെ വിട്ടുനൽകാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയ ബാഴ്സലോണ താരത്തിന്റെ കരാർ പുതുക്കാനും റിലീസ് ക്ലോസ് ഉയർത്താനുമുള്ള ശ്രമത്തിലാണ്.
നിലവിൽ 170 മില്യൺ യുറോ റിലീസ് ക്ലോസ് ഉള്ള കരാർ 300 മില്യൺ യൂറോയാക്കാനാണ് ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. കാറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2019 ഡിസംബറിലായിരുന്നു 170 മില്യൺ യുറോ റിലീസ് ക്ലോസോടു കൂടി ഫാറ്റി അവസാനമായി കരാർ പുതുക്കിയത്. വെച്ചത്. എന്നാൽ കൂടുതൽ ക്ലബുകൾ രംഗത്ത് വന്നതോടെ കൈവിട്ടു പോവാതിരിക്കാൻ റിലീസ് ക്ലോസ് വർധിപ്പിക്കാൻ ബാഴ്സ ആലോചിക്കുകയായിരുന്നു. കരാർ പുതുക്കുന്നതോടൊപ്പം അൻസു ഫാറ്റിയുടെ സാലറിയും വർധിപ്പിച്ചേക്കും.
കൊറോണ മൂലം ബാഴ്സ നേരിടുന്ന സാമ്പത്തികപ്രതിസന്ധിയാണ് കരാർ പുതുക്കുന്നത് വൈകുന്നതിനു കാരണം. അതേസമയം കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ഫാറ്റി ബാഴ്സയോട് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ട് അൻസു ഫാറ്റിയുടെ ഏജന്റ് ആയ ജോർജെ മെൻഡസിനെ സമീപിച്ചിരുന്നുവെങ്കിലും ബാഴ്സയിൽ തന്നെ തുടരാനാണ് താരം ആഗ്രഹിക്കുന്നത്.