മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോഹം നടക്കില്ല, ബാഴ്സ താരത്തിന് കരാർ പുതുക്കാൻ വമ്പൻ ഓഫർ

ഈ സീസണിൽ ബാഴ്സലോണയിൽ ഏവരെയും വിസ്മയിപ്പിച്ച പ്രകടനം നടത്തിയ യുവതാരമായ അൻസു ഫാറ്റിക്ക് പുതിയ കരാർ നൽകാൻ കറ്റലൻ ക്ലബ് ഒരുങ്ങുന്നു. മറ്റു ക്ലബുകൾ പതിനേഴുകാരനായ താരത്തെ റാഞ്ചാതിരിക്കാനാണ് ഈ തീരുമാനം. വാൽവെർദെക്കു കീഴിൽ ബാഴ്സയിൽ പതിനാറാം വയസിൽ തന്നെ അരങ്ങേറ്റം കുറിച്ച ഫാറ്റി ഇപ്പോൾ നിരവധി ക്ലബുകളുടെ നോട്ടപ്പുള്ളിയാണ്.

സ്പാനിഷ് മാധ്യമമായ സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ് ഫാറ്റിയിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽപര്യം ബാഴ്സയോടു ചർച്ച ചെയ്തിട്ടുണ്ട്. താരത്തിന് മികച്ച പ്രതിഫലം നൽകിയുള്ള ഓഫറാണ് യുണൈറ്റഡ് മുന്നോട്ടു വച്ചിരിക്കുന്നതെന്ന് മെൻഡസ് ബാഴ്സയോടു വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി താരം ക്ലബ് വിടാതിരിക്കാനാണ് ബാഴ്സയുടെ പുതിയ നീക്കം.

ഫാറ്റി യൂറോപ്പിൽ ശ്രദ്ധാകേന്ദ്രമായി തുടങ്ങിയതോടെ കഴിഞ്ഞ ഡിസംബറിൽ ബാഴ്സ താരവുമായുള്ള കരാർ പുതുക്കിയിരുന്നു. അന്നൊപ്പിട്ട മൂന്നു വർഷത്തെ കരാറിൽ 160 ദശലക്ഷം യൂറോയോളമാണ് റിലീസിങ്ങ് തുകയായി വച്ചിരിക്കുന്നത്. എന്നാൽ പുതിയ കരാർ നൽകുമ്പോൾ അതു മുന്നൂറു ദശലക്ഷം യൂറോയാക്കി വർദ്ധിപ്പിക്കാനാണ് ബാഴ്സ ഒരുങ്ങുന്നത്.

ബാഴ്സക്കു വേണ്ടി ലാലിഗയിൽ ഗോൾ നേടുന്ന, ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അൻസു ഫാറ്റി. പതിനേഴാം വയസിൽ തന്നെ മുപ്പത്തിരണ്ടു മത്സരങ്ങളിൽ കളിച്ച താരം നിരവധി ഗോളുകളും നേടിയിട്ടുണ്ട്. മെസിക്കു ശേഷം ലാ മാസിയയിൽ നിന്നും വരുന്ന സൂപ്പർതാരമായാണ് ഫാറ്റിയെ ആരാധകർ കണക്കാക്കുന്നത്.

You Might Also Like