ആര്‍തറെ യുവന്റസിലെത്തിച്ചതിന് പിന്നില്‍ ബാഴ്‌സ ഇതിഹാസതാരം, വെളിപ്പെടുത്തല്‍
കഴിഞ്ഞയാഴ്ച ആര്‍തര്‍ മെലോ മിറാലം പ്യാനിച്ചിനു പകരക്കാരനായി യുവന്റസിലേക്ക് ചേക്കേറിയിരുന്നു. ആര്‍തര്‍ തുടക്കത്തില്‍ ഈ ട്രാന്‍ഫറിനോട് മുഖം തിരിച്ചെങ്കിലും പിന്നീട് തയ്യാറായതിനു പിന്നില്‍ ചുക്കാന്‍ പിടിച്ചത് ബാര്‍സലോണ ഇതിഹാസവും ബ്രസീലിയനുമായ മുന്‍ യുവന്റസ് താരം ഡാനി ആല്‍വെസാണെന്നാണ് പുതിയ വാര്‍ത്തകള്‍.
ആല്‍വെസാണ് ഈ ട്രാന്‍ഫറിനു അര്‍തറിനു പ്രചോദനമായതെന്നും തുടരെ തുടരെ ആര്‍തറിനെ വിളിച്ച് യുവന്റസിലെ മികച്ച ഭാവിയെക്കുറിച്ച് ആര്‍തറിന് ആത്മവിശ്വാസം നല്‍കിയതെന്നുമാണ് പ്രമുഖ കായിമ മാധ്യമമായ ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബാഴ്‌സ വിട്ട് യുവന്റസിലേക്ക് ചേക്കേറിയ താരമാണ് ഡാനി ആല്‍വെസ്. ഇറ്റാലിയന്‍ വമ്പന്മാര്‍ക്കൊപ്പം 2016-17 സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുകയും ഇറ്റാലിയന്‍ ലീഗ്, കോപ്പ ഇറ്റാലിയ കിരീടങ്ങള്‍ ആല്‍വസ് നേടുകയും ചെയ്തിരുന്നു. പിഎസ്ജിക്ക് വേണ്ടിയും ബൂട്ടണിഞ്ഞ അദ്ദേഹം ഇപ്പോള്‍ ബ്രസിലിയന്‍ ലീഗിലെ സാവോ പോളോ എഫ് സി ക്ക് വേണ്ടി കളിക്കുകയാണ്.
ഡാനി ആല്‍വസിനെ കൂടാതെ യുവന്റസ് താരങ്ങളും ബ്രസീലിയന്‍ സഹതാരങ്ങളുമായ അലക്‌സ് സാന്‍ഡ്രോയും ഡൂഗ്ലസ് കോസ്റ്റയും ഓഫര്‍ സ്വീകരിക്കുന്നതിനായി ആര്‍തറിനെ പ്രേരിപ്പിച്ചെന്നും ഇഎസ്പിഎന്‍ കൂട്ടിച്ചേര്‍ത്തു. ട്രാന്‍ഫര്‍ പൂര്‍ത്തിയായെങ്കിലും സീസണ്‍ അവസാനിക്കുന്നതു വരെ ആര്‍തര്‍ ബാഴ്‌സയിലും പ്യാനിച്ച് യുവന്റസിലും തന്നെ തുടരും.