ബാഴ്‌സ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍, സര്‍പ്രൈസ് നീക്കം

Image 3
Football

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ സൂപ്പര്‍ താരങ്ങളിലൊരാള ഫിലിപ്പെ കുട്ടീന്യോയെ സ്വന്തമാക്കാന്‍ വന്‍ നീക്കവുമായി പ്രീമിയര്‍ ലീഗ് ക്ലബായ ലെസ്റ്റര്‍ സിറ്റി. സ്‌പോര്‍ട് വിറ്റ്‌നെസിനെ ഉദ്ദരിച്ച് സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട് ആണ് കുട്ടീന്യോക്കു വേണ്ടി ലൈസ്റ്റര്‍ സിറ്റി രംഗത്തെത്തിയ വിവരം പുറത്തു വിട്ടത്.

ലെസ്റ്റര്‍ പരിശീലകന്‍ ബ്രണ്ടന്‍ റോജേഴ്‌സുമായി കുട്ടീന്യോയ്ക്ക് അടുത്ത ബന്ധമാണ് ഉളളത്. ഇത് മുതലെടുത്ത് താരത്തെ ക്ലബിലെത്തിക്കാനാണ് ലെസ്റ്ററുടെ നീക്കം. റോജേഴ്‌സ് ലിവര്‍പൂള്‍ പരിശീലകനായിരുന്നപ്പോള്‍ കുട്ടീന്യോ ടീമിലുണ്ടായിരുന്നു. അന്ന് മികച്ച പ്രകടനം പുറത്തെടുത്തിരുന്ന താരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് റോജേഴ്‌സ് വഹിച്ചത്.

കുട്ടീന്യോയെ ബാഴ്‌സയില്‍ നിന്നും ആദ്യം സ്വന്തമാക്കാനുള്ള അവകാശം ലിവര്‍പൂളിനാണ്. എന്നാല്‍ ലിവര്‍പൂളിന് നിലവില്‍ കുട്ടീന്യോയോട് താല്‍പര്യമില്ല. ഈ സാഹചര്യത്തിലാണ് വലിയ തുക മുടക്കി തന്നെ താരത്തെ സ്വന്തമാക്കാന്‍ ലെസ്റ്റര്‍ ശ്രമിക്കുന്നത്.

അതേ സമയം പ്രീമിയര്‍ ലീഗിലെ മറ്റു വമ്പന്‍ ക്ലബുകളായ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍, ടോട്ടനം എന്നിവരെല്ലാം ബ്രസീലിയന്‍ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും താരത്തെ സ്ഥിരമായി സ്വന്തമാക്കാന്‍ ആഗ്രഹമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതു കൊണ്ടു തന്നെ ലൈസ്റ്റര്‍ സിറ്റിയുടെ ഓഫര്‍ ബാഴ്‌സ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

ബാഴ്‌സയില്‍ പരിശീലകന്‍ സെറ്റിയനു കുട്ടീന്യോയെ നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടെങ്കിലും പുതിയ കളിക്കാരെ വാങ്ങാനുള്ള തുക കണ്ടെത്താനാണ് ബ്രസീലിയന്‍ താരത്തെ ബാഴ്‌സ കൈവിടാനൊരുങ്ങുന്നത്.