ജൂണിന് മുന്‍പ് നിരവധി താരങ്ങളെ വിറ്റൊഴിക്കണം, ബാഴ്‌സ കടുത്ത പ്രതിസന്ധിയില്‍

Image 3
FootballISL

കോവിഡ് 19 മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ബാഴ്‌സലോണ ക്ലബ് കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാഴ്‌സയുടെ പല താരങ്ങളെയും ഒഴിവാക്കാനാണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ എഴുപതു ദശലക്ഷം യൂറോയില്‍ കുറയാത്ത തുക കണ്ടെത്താമെന്നാണ് ക്ലബ് വിലയിരുത്തുന്നത്.

ഈ തുക നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ബാഴ്‌സയെ സഹായിച്ചേക്കും. ജൂണിന് മുന്‍പ് തന്നെ താരങ്ങളുടെ വിറ്റൊഴിക്കല്‍ തുടങ്ങും. ഇഎസ്പിഎന്‍ ആണ് ഇക്കാര്യം റ്ിപ്പോര്‍ട്ട് ചെയ്യുന്നത്.

2019-20 സീസണില്‍ തങ്ങളുടെ വരുമാനം ഒരു ബില്യണ്‍ യൂറോയ്ക്ക് മുകളിലാകുമെന്ന് ബാഴ്‌സ മാനേജുമെന്റ് വിലയിരുത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കോവിഡ് 19 ബാഴ്‌സയുടെ മോഹങ്ങളെ എല്ലാം തച്ചുടക്കുകയായിരുന്നു. ഇതോടെയാണ് താരങ്ങളെ വിറ്റൊഴിക്കാന്‍ ക്ലബ് തീരുമാനിച്ചിരിക്കുന്നത്.

അര്‍തുറോ വിദാല്‍, ഇവാന്‍ റാകിറ്റിച്ച്, ഫിലിപ്പെ കുട്ടീന്യോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയാണ് പ്രധാനമായു്ം ബാഴ്‌സ വില്‍ക്കാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം ഇവരെ വാങ്ങാന്‍ ആളില്ല എന്ന സ്ഥിതിയും സംജാതമായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സാമുവല്‍ ഉംറ്റിറ്റി, നെല്‍സന്‍ സെമഡോ, ആര്‍തര്‍ മെലോ എന്നിവരുടെ ട്രാന്‍സ്ഫര്‍ നടത്താന്‍ ബാഴ്‌സ ഒരുങ്ങിയത്. ഇവരെ സ്വന്തമാക്കാന്‍ താല്‍പര്യമുള്ള ക്ലബുകള്‍ ഉണ്ടെങ്കിലും ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍ യാതൊരു പുരോഗമനവും ഉണ്ടായിട്ടില്ല. ഈ താരങ്ങള്‍ക്ക് കറ്റലന്‍ ക്ലബ് വിടാന്‍ താല്‍പര്യമില്ലാത്തതാണ് ബാഴ്‌സയുടെ നീക്കങ്ങളെ കുഴപ്പിക്കുന്നത്