വമ്പന്‍ വിജയവുമായി ബാഴ്‌സയുടെ തിരിച്ചുവരവ്, കിരീട പോരാട്ടം കടുക്കും

Image 3
Football

സ്പാനിഷ് ലാ ലീഗയില്‍ രണ്ട് മത്സരങ്ങളിലെ സമനിലയ്ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ വിയ്യാ റയലിനെ അവരുടെ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കാറ്റലന്‍ ക്ലബ്ബ് തകര്‍ത്തത്.

ഇതോടെ കിരീടപ്പോരാട്ടത്തില്‍ തങ്ങള്‍ പിന്നാലെയുണ്ടെന്ന മുന്നറിയിപ്പ് നല്‍കാനും ബാഴ്‌സയ്ക്കായി. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായി പോയിന്റ് വ്യത്യാസസം നാലാക്കിയും ബാഴ്‌സ കുറച്ചു.

കൊറോണ കാലത്തിന് ശേഷം അന്റോണിയോ ഗ്രിസ്മാന്റെ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ബാര്‍സയ്ക്കായി ആദ്യ ഗോള്‍ വിയ്യാറയല്‍ താരം ടോറസ് സ്വന്തം വലയിലേക്ക് തട്ടിയിട്ട് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചു തുടര്‍ന്ന് പതിനാലാം മിനിറ്റില്‍ വിയ്യാറയല്‍ മൊറേനോയിലൂടെ തിരിച്ചടിച്ചുവെങ്കിലും സുവാരസ്, ഗ്രിസ്മാന്‍, അന്‍സു ഫാറ്റി എന്നിവര്‍ എതിര്‍ വലയില്‍ പന്തെത്തിച്ച് കളിയവസാനിപ്പിച്ചു.

അതെസമയം ലാലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ക്യാപ്റ്റന്‍ റാമോസിന്റെ പെനാല്‍റ്റി ഗോളില്‍ കിഴടക്കി റയല്‍ മാഡ്രിഡ് കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ മാഡ്രിഡ് ക്ലബിന് ലഭിച്ചെങ്കിലും വലയില്‍ എത്തിക്കാനായില്ല.

ഇരു വലയ്ക്ക് മുന്‍പിലും ക്യാപ്റ്റന്‍ റാമോസിന്റെ മിന്നും പ്രകടനം കഴിഞ്ഞ മത്സരങ്ങളിലും ക്ലബിനെ രക്ഷിച്ചിരുന്നു. വിജയത്തോടെ പോയന്റ് ടേബിളില്‍ 77 പോയിന്റിലേക്ക് എത്തിയ റയലിന് സ്പാനിഷ് കിരീടം കയ്യെത്തും ദൂരത്താണ്. ബാഴ്‌സക്ക് 73 പോയന്റാണ് ഉളളത്.