അടുത്ത സീസണില്‍ ബാഴ്‌സയില്‍ സ്ഥാനം ഉറപ്പുളളത് മൂന്ന് താരങ്ങള്‍ക്ക് മാത്രം

Image 3
Football

അടുത്ത ഫുട്‌ബോള്‍ സീസണില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ സ്ഥാനമുറപ്പുളളത് മൂന്ന് താരങ്ങള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഫുട്‌ബോള്‍ വെബ് പോര്‍ട്ടറായ ഇഎസ്പിഎന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലയണല്‍ മെസി, ടെര്‍ സ്റ്റെഗന്‍, ഫ്രാങ്കി ഡി ജോംഗ് എന്നിവരാണ് സ്ഥാനം ഉറപ്പുളള മൂന്ന് താരങ്ങള്‍. മറ്റ് ഏത് താരത്തേയും ബാഴ്‌സ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ സാധ്യതയുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്ുകന്നത്.

അടുത്ത സീസണിലേക്കുള്ള രണ്ടു താരങ്ങളുടെ ട്രാന്‍സ്ഫര്‍ ബാഴ്‌സലോണ നിലവില്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് ക്ലബ് ബ്രാഗയില്‍ നിന്നും ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ, ലാസ് പാല്‍മാസ് താരം പെഡ്രി എന്നിവരെയാണ് ബാഴ്‌സ അടുത്ത സീസണ് മുമ്പ് സ്വന്തമാക്കിയത്. അതിനു പുറമേ ഒരു മുന്നേറ്റനിര താരം, പിക്വക്കു പകരക്കാരനാവാന്‍ കഴിയുന്ന ഒരു പ്രതിരോധ താരം, ഒരു റൈറ്റ് ബാക്ക്, ഒരു ഫിസിക്കല്‍ മിഡ്ഫീല്‍ഡര്‍ എന്നിവരേയും ബാഴ്‌സയ്ക്ക് ആവശ്യമുണ്ട്.

ഈ താരങ്ങള്‍ക്കു വേണ്ടി മെസി, ഡി ജോംഗ്, ടെര്‍ സ്റ്റെഗന്‍ എന്നിവരൊഴികെ ആരെയും ബാഴ്‌സ കൈമാറ്റം ചെയ്‌തേക്കും. നെയ്മറും ലൗടാരോ മാര്‍ട്ടിനസുമാണ് ബാഴ്‌സയുടെ പ്രധാന ട്രാന്‍സ്ഫര്‍ ലക്ഷ്യങ്ങള്‍. ഇവരില്‍ ആര്‍ക്കു പ്രഥമ പരിഗണന നല്‍കണമെന്ന വിഷയത്തില്‍ ഇപ്പോഴും ബാഴ്‌സ ക്ലബ് തീരുമാനമെടുത്തിട്ടില്ല. നെയ്മര്‍ക്കു വേണ്ടി കുട്ടീന്യോ, ഡെംബലെ, ഉംറ്റിറ്റി, റാകിറ്റിച്ച്, ടോഡിബോ എന്നീ താരങ്ങളില്‍ ചിലരെ ബാഴ്‌സ വിട്ടു കൊടുക്കാന്‍ തയ്യാറായിട്ടും ഇതു വരെ പിഎസ്ജി അനുകൂല നിലപാട് എടുത്തിട്ടില്ല.

അതേ സമയം 111 ദശലക്ഷം യൂറോ റിലീസിംഗ് ക്‌ളോസുള്ള ലൗടാരോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ കാര്‍ലസ് അലേന, അര്‍തുറോ വിദാല്‍, റഫീന്യ എന്നീ താരങ്ങളെ ബാഴ്‌സ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ താരങ്ങളെ സ്വന്തമാക്കുന്നതിനോടൊപ്പം നിലവിലെ പല താരങ്ങളുമായി കരാര്‍ പുതുക്കേണ്ടതും ബാഴ്‌സക്ക് അത്യാവശ്യമാണ്.