അഗ്വേറോയെ ഫ്രീ ട്രാൻസ്ഫറിൽ റാഞ്ചാൻ ബാഴ്സലോണ,ലാലിഗയിലേക്ക് തിരിച്ചെത്താൻ അഗ്വേറോ

മാഞ്ചസ്റ്റർ സിറ്റിയിലെ അവസാന ആറുമാസത്തിലേക്ക് എത്തി നിൽക്കുകയാണ് അർജന്റൈൻ സൂപ്പർതാരമായ സെർജിയോ അഗ്വേറോ. ജനുവരി ട്രാൻസ്ഫർ ജാലകം തുറന്നതോടെ താരത്തിനു ഇനി ഏതു ക്ലബ്ബിലേക്ക് വേണമെങ്കിലും ഇനി ഫ്രീ ട്രാൻസ്ഫറിൽ ചേക്കേറാനുള്ള അവസരമുണ്ട്. ഗബ്രിയേൽ ജീസസ് കോവിഡ് മൂലം പുറത്തിരിക്കുകയാണെങ്കിലും ഇതു വരെയും സിറ്റി പുതിയ കരാർ നൽകാൻ തീരുമാനിച്ചിട്ടില്ലെന്നത് സീസൺ അവസാനം ക്ലബ്ബ് വിടാനുള്ള നീക്കത്തിലേക്കാണ് വഴി തുറന്നിരിക്കുന്നത്.

എന്നാൽ ഈ അവസരം മുതലെടുക്കാൻ ലാലിഗ വമ്പന്മാരായ ബാഴ്സ ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമമായ സണ്ണിന്റെ റിപ്പോർട്ടുകൾ പ്രകാരം മുൻ അത്ലറ്റിക്കോ മാഡ്രിഡ്‌ താരമായ സെർജിയോ അഗ്വേറോയെ സുവാരസിന് പകരക്കാരനായി നോട്ടമിട്ടിരിക്കുകയാണെന്നാണ് അറിയാനാകുന്നത്. സുവാരസ് ബാഴ്സ വിട്ടതിനു ശേഷം പരിശീലകനായ കൂമാൻ നിരവധി താരങ്ങളെ മുന്നേറ്റത്തിൽ പരീക്ഷിച്ചിരുന്നു.

പരിക്കേറ്റു നിലവിൽ പുറത്തിരിക്കുന്ന യുവതാരം അൻസു ഫാറ്റിയും മാർട്ടിൻ ബ്രാത്വൈറ്റും അന്റോയിൻ ഗ്രീസ്മാനും സാക്ഷാൽ ലയണൽ മെസിയും വരെ കൂമാന്റെ പരീക്ഷണങ്ങളിൽ സ്‌ട്രൈക്കർ റോളിൽ കളിച്ചിരുന്നു. ജനുവരിയിൽ ഒരു സ്‌ട്രൈക്കറെ അത്യാവശ്യമാണെന്ന് കൂമാനും അറിയിച്ച സാഹചര്യത്തിൽ മെസിയുടെ സുഹൃത്തായ അഗ്വേറോ ഒരു സാധ്യതയായി മുന്നിലേക്ക് വന്നിരിക്കുകയാണ്.

ബാഴ്സക്ക് പിറകെ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയും അഗ്വേറോക്ക് പിന്നാലെയുണ്ട്. അഗ്വേറോയെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് പ്രീമിയർ ലീഗിൽ മികച്ച പരിചയ സമ്പത്തുള്ള നിലവിലെ പിഎസ്‌ജി പരിശീലകൻ മൗറിസിയോ പൊചെട്ടിനോ തന്നെയാണ്. പാരീസിലെത്തിയതിനു ശേഷം പൊചെട്ടിനോയുടെ ആദ്യ സൈനിങ് അഗ്വേറോ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

You Might Also Like