ഡച്ച് പോഗ്ബക്കായി വലവിരിച്ചു ബാഴ്‌സലോണ, മത്സരവുമായി യുവന്റസും രംഗത്ത്

നിലവിലെ പ്രസിഡന്റായ ബർതോമ്യു  സ്ഥാനമൊഴിഞ്ഞതോടെ  ബാഴ്സ പുനർനിർമിതിയുടെ പാതയിലാണുള്ളത്. അതുകൊണ്ടു തന്നെ പ്രതിഭാധനരായ യുവതാരങ്ങളെ  സ്വന്തം തട്ടകത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ് ബാഴ്സലോണ. പെഡ്രി, ട്രിൻകാവോ, സെർജിനോ  ഡെസ്റ്റ് എന്നിവർക്കു പുറമെ വരുന്നത് സമ്മർ ട്രാൻസ്ഫറിൽ മറ്റൊരു ഡച്ച് യുവപ്രതിഭയെ റാഞ്ചാൻ പദ്ധതിയിട്ടിരിക്കുകയാണ് ബാഴ്‌സ.

ഡച്ച് വമ്പന്മാരായ അയാക്സിൽ കഴിഞ്ഞ സീസണവസാനം മുതൽ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന മധ്യനിരതാരം റയാൻ ഗ്രേവൻബെർച്ചിനെയാണ് ബാഴ്‌സ നോട്ടമിട്ടിരിക്കുന്നത്. വെറും 18 വയസുള്ള ഈ ഡച്ച് താരത്തിനെ പുതിയ പോഗ്ബയെന്ന വിളിപ്പേരും ലഭിച്ചു കഴിഞ്ഞു.

ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ വമ്പന്മാരായ യുവന്റസുമായി താരത്തിന്റെ സേവനത്തിനായി ബാഴ്സ മത്സരിക്കുമെന്നാണ് പുതിയ വിവരം. യുവന്റസും താരത്തിനായി ശ്രമങ്ങളാരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ചാമ്പ്യൻസ്‌ലീഗിൽ അയാക്സിനൊപ്പം ലിവർപൂളിനെതിരെ മികച്ച പ്രകടനം നടത്തിയതോടെയാണ് ബാഴ്സയും താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയത്.

അയാക്സിൽ നിന്നു തന്നെയാണ് സെർജിനോ ഡെസ്റ്റിനെയും ബാഴ്സ സ്വന്തമാക്കിയത്. വമ്പന്മാർ രംഗത്തെത്തിയതോടെ താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് അയാക്സ്. 2023വരെ നിലവിൽ കരാറുണ്ടെങ്കിലും മികച്ച ദീർഘകാല കരാർ നൽകാനുള്ള നീക്കത്തിലാണ് അയാക്സ്. നിലവിൽ 25 മില്യൺ യൂറോക്കു മുകളിലാണ് അജാക്സ് താരത്തിനിട്ടിരിക്കുന്ന വില.

You Might Also Like