കോവിഡ് സാമ്പത്തിക പ്രതിസന്ധി, മെസിക്കും താരങ്ങൾക്കും ശമ്പളം നൽകാനാവാതെ ബാഴ്സലോണ

മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് ഫുട്ബോൾ വമ്പന്മാരായ എഫ്‌സി ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതി. 1.2 ബില്യൺ യൂറോയിലധികം കടക്കെണിയിലാണ് നിലവിൽ ബാഴ്സലോണയുള്ളത്. അതിൽ 730 മില്യൺ യൂറോയിലധികം വളരെ പെട്ടെന്നു തന്നെ നൽകേണ്ടതുമായ ബാധ്യതകളുമാണ്.

എന്നാൽ നിലവിൽ ബാഴ്സയുടെ സ്ഥിതി അതിലും പരിതാപകരമായ അവസ്ഥയിലാണുള്ളത്. ഫസ്റ്റ് ടീം താരങ്ങളുടെ മുഴുവൻ സാലറിയും ബാഴ്സ ഇതു വരെ നൽകിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതിൽ സൂപ്പർതാരം ലയണൽ മെസിയും ഉൾപ്പെടും. മെസിക്ക് ഈ ജനുവരിക്കു മുൻപ് തന്നെ 72 മില്യൺ യൂറോ ബാഴ്സ നൽകേണ്ടതുണ്ടെങ്കിലും അതിൽ വെറും 8.5 മില്യൺ യൂറോ മാത്രമേ ബാഴ്സ ഇതു വരെയും നൽകിയിട്ടുള്ളൂ.

സ്പാനിഷ് മാധ്യമമായ കാഡെന കോപേ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ആഴ്ചകൾക്ക് മുൻപ് ബാഴ്സ സ്‌ക്വാഡ് വേതനം വെട്ടികുറക്കാനുള്ള കരാറിൽ ഒപ്പു വെച്ചിരുന്നു. അതിലൂടെ 172 മില്യൺ ലാഭിക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. ഈ കരാർ മെസ്സിയടക്കമുള്ള താരങ്ങളെ ബാധിക്കുന്ന ഒന്നായിരുന്നു.

ആകെ നാലു താരങ്ങൾക്ക് മാത്രമാണ് ഈ കരാർ ബാധിക്കാതിരുന്നത്. അത് അടുത്തിടെ പുതിയ കരാർ ഒപ്പുവെച്ച ജെറാർഡ് പിക്വെ, ക്ലമന്റ് ലെങ്ലറ്റ്, ഫ്രങ്കി ഡിയോങ്, മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ എന്നിവരാണ്. അടുത്തിടെ ബാഴ്‌സ ബി താരങ്ങൾക്കും ശമ്പളം നൽകാൻ ബാഴ്സക്ക് കഴിയാതെ പോയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അത് കൊടുത്തു തീർക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. ഇതെല്ലാം സംഭവിച്ചത് മെസിയുടെ 555 മില്യൺ യൂറോയുടെ കരാർ വിവരങ്ങൾ സ്പാനിഷ് മാധ്യമം എൽ മുണ്ടോ പുറത്തു വിട്ട സമയത്തിനിടെ തന്നെയാണെന്നാണ് അറിയാനാകുന്നത്.

You Might Also Like