രക്ഷകനായി സ്‌പൈഡർ സ്റ്റീഗൻ, സോസിഡാഡിനെ തകർത്ത് ബാഴ്സ സ്പാനിഷ് സൂപ്പർ കപ്പ്‌ ഫൈനലിൽ

സൂപ്പർതാരം ലയണൽ മെസിയില്ലാതെ കളിക്കേണ്ടി വന്ന ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ്‌ സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ റയൽ സോസിഡാഡിനെതിരെ വിജയം നേടിയിരിക്കുകയാണ്. ഗോൾകീപ്പർ ടെർ സ്റ്റീഗന്റെ മാസ്മരിക പ്രകടനമാണ് ബാഴ്സക്ക് ഷൂട്ടൗട്ടിൽ തുണയായത്. ഷൂട്ടൗട്ടിൽ മികച്ച രണ്ടു സേവുകളോടെ ബാഴ്‌സയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 1998ണ് ശേഷം ആദ്യമായാണ് ഷൂട്ടൗട്ടിലൂടെ ബാഴ്സ വിജയം സ്വന്തമാക്കുന്നത്.

ആദ്യപകുതിയിൽ മധ്യനിരതാരം ഫ്രങ്കി ഡിയോങ്ങിലൂടെ ബാഴ്‌സയാണ്‌ ലീഡ് നേടിയത്. സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാന്റെ ഇടതുവിങ്ങിൽ നിന്നും വന്ന ഒരു മികച്ച ക്രോസിനു വായുവിലുയർന്നു വിചിത്രമായ രീതിയിൽ നേടിയ മികച്ചൊരു ഹെഡർ ഗോളിലൂടെയാണ് ബാഴ്സ മുന്നിലെത്തുന്നത്. ആദ്യ പകുതിയിൽ അതികം മികച്ച അവസരങ്ങൾ ലഭിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ മികച്ച രീതിയിൽ തന്നെ ആക്രമിച്ചു കളിച്ച റയൽ സോസിഡാഡ് അധികം വൈകാതെ തന്നെ ഫലം കണ്ടു. സോസിഡാഡിന്റെ ഒരു മുന്നേറ്റത്തിനിടെ ഇടതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസ് പെനാൽറ്റി ബോക്സിൽ വെച്ചു കയ്യിൽ കൊണ്ടതിനു പെനാൽറ്റി ലഭിക്കുകയായിരുന്നു.

ഒയാർസബാൽ കൃത്യമായി പെനാൽറ്റി വലയിലെത്തിച്ചതോടെ സമനിലയാവുകയായിരുന്നു. പിന്നീട് ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. അതിനു ശേഷം നടന്ന എക്സ്ട്രാ ടൈമിൽ പകരക്കാരനായി വന്ന അദ്നാൻ യനുസാജിന്റെ ഒറ്റയാൾ മുന്നേറ്റം ഗോളിനടുത്തു വരെയെത്തിയെങ്കിലും ടെർ സ്റ്റീഗൻ രക്ഷകനാവുകയായിരുന്നു.

അധികസമയത്തിലും ഗോൾ നേടാൻ കഴിയാതെ പോയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. സോസിഡാഡിന്റെ ജോൺ ബൗറ്റിസ്റ്റയുടെയും ഒയാർസബാലിന്റെയും പെനാൽറ്റി ടെർ സ്റ്റീഗൻ തടഞ്ഞിട്ടപ്പോൾ വില്ലിയാൻ ഹോസേയുടെ കിക്ക് പോസ്റ്റിൽ തട്ടിയകലുകയായിരുന്നു. ബാഴ്സക്കായി ഫ്രങ്കി ഡിയോങ്ങും ഗ്രീസ്മാനും പെനാൽറ്റി മിസ്സാക്കിയപ്പോൾ ഡെമ്പെലെക്കും പ്യാനിച്ചിനും പിന്നാലെ റിക്കി പുജും പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്സ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. വരുന്ന ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിൽ റയൽ-ബിൽബാവോ മത്സരത്തിലെ വിജയികളെയായിരിക്കും എതിരാളികളായി ലഭിക്കുക.

You Might Also Like