റയല്‍ തഴഞ്ഞതില്‍ സന്തോഷം, അതിനാല്‍ ബാഴ്‌സയിലെത്താനായല്ലോ എന്ന് യുവതാരം

ലാസ് പാൽമാസിൽ നിന്നും ബാഴ്സ സ്വന്തമാക്കിയ യുവ സ്പാനിഷ് താരമാണ് പെഡ്രോ ഗോൺസാലസ് ലോപ്പസ് എന്ന പെഡ്രി. റയൽ മാഡ്രിഡ്‌ തന്നെ തഴഞ്ഞത് നന്നായെന്നും അതുമൂലം തനിക്കിപ്പോൾ ബാഴ്സയിൽ എത്താനായല്ലോ എന്ന സന്തോഷത്തിലുമാണ് താനെന്ന് ബാഴ്സ യുവതാരം പെഡ്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം യൂട്യൂബറായ ഡിമരിയോക്ക് നൽകിയ അഭിമുഖത്തിലാണ് പെഡ്രി തന്നെ റയൽ ഒഴിവാക്കിയ കാര്യം വെളിപ്പെടുത്തിയത്.മെസ്സിയെ കാണുന്നതിനെ കുറിച്ചുള്ള ആകാംക്ഷ പങ്കുവെക്കാനും താരം മറന്നില്ല.ബാഴ്സയിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ ലോണിൽ മറ്റു ടീമുകളിലേക്ക് പോവുന്നതിലും താൻ സന്തോഷവാനാണെന്നും താരം വെളിപ്പെടുത്തി.

“രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് ഞാൻ മാഡ്രിഡിൽ ട്രയൽസിനു വേണ്ടി എത്തിയിരുന്നു. അവിടെ ഒരാഴ്ച്ചയോളം തങ്ങേണ്ടി വന്നു. അവർ എന്നോട് പരിശീലനം തുടരാനാണ് ആവിശ്യപ്പെട്ടത്. അവർക്ക് എന്നെ വാങ്ങാൻ താല്പര്യമില്ലായിരുന്നു. കഴിഞ്ഞ സീസണിൽ ഞാൻ ലാസ് പാൽമസിനൊപ്പം പ്രീ സീസൺ ആരംഭിച്ചു.എന്നാലതു കഴിയും മുമ്പ് തന്നെ ബാഴ്‌സയിലേക്ക് ചേക്കേറി. ഇതെന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു.

റയൽ അന്നെന്നെ വാങ്ങാഞ്ഞത് നന്നായി. എന്തെന്നാൽ എനിക്ക് ബാഴ്സയിൽ എത്താൻ കഴിഞ്ഞല്ലോ. മെസ്സിയെ കാണുമ്പോൾ ഞാൻ അത്ഭുതപ്പെടുമെന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. പക്ഷെ കളത്തിൽ എത്തുമ്പോൾ ഞാൻ ആർക്കൊപ്പമാണ് കളിക്കുന്നതെന്ന് ഞാൻ മറക്കും. ഞാൻ എല്ലാവരെയും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബാഴ്സയിൽ നിലവിൽ അവസരങ്ങൾ ഇല്ലെങ്കിൽ മറ്റൊരു ക്ലബ്ബിലേക്ക് ലോണിൽ പോവുന്നതിൽ സന്തോഷമേയുള്ളൂ ” പെഡ്രി വ്യക്തമാക്കി.

You Might Also Like