ദുരന്തമായി ബാഴ്‌സ, സംഹാര താണ്ഡവമായി ബയേണ്‍

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്കിന് സെമി ഫൈനലില്‍. രണ്ടിനെതിരെ എട്ട് ഗോളകള്‍ക്കാണ് ബയേണ്‍ ബാഴ്‌സയ്‌ക്കെതിരെ കൂറ്റന്‍ ജയം ആഘോഷിച്ചത്. ബയേണിനായി തോമസ് മുളളറും ഫിലിപ്പ് കോട്ടിനോയും ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇവാന്‍ പെരിസിച്ച്, സെര്‍ജി ഗ്നാബറി, ജോഷുവാ കിമ്മിച്ച്, റോബര്‍ട്ട് ലെവന്റോസ്‌കി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ മുളളറിലൂടെയാണ് ബയേണ്‍ അകൗണ്ട് തുറന്നത്. എന്നാല്‍ ഏഴാം മിനിറ്റില്‍ ബാഴ്‌സ സമനില പിടിച്ചു. അലാഹയുടെ വക സെല്‍ഫ് ഗോള്‍ ആയിരുന്നു ബാഴ്‌സക്ക് രക്ഷക്കെത്തിയത്. എന്നാല്‍ പിന്നീട് ഒരു വലിയ ദുരന്തം ബാഴ്‌സയെ കാത്തിരിക്കുകയായിരുന്നു.

ബയേണ്‍ ആക്രമണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വിറച്ച് പോയ ബാഴ്‌സ പ്രതിരോധം അടിമുടി തകരുകയായിരുന്നു. 21ാം മിനിറ്റില്‍ പെരിസിച്ചും ആറ് മിനിറ്റിന് ശേഷം ഗ്നാബറിയും 31ാം മിനിറ്റില്‍ മുളളറും വലകുലുക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതിയില്‍ 4-1 എന്ന സ്‌കോറിന് മത്സരം ബാഴ്‌സ ഏതാണ്ട് കൈവിട്ടു.

രണ്ടാം പകുതിയിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ബാഴ്‌സ അപമാനകരമായ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 57ാം മിനറ്റില്‍ സുവരാസിലൂടെ ആദ്യം ബാഴ്‌സയാണ് ഗോള്‍ നേടിയത്. എന്നാല്‍ പിന്നീട് ബാഴേണിന്റെ സംഹാര താണ്ഡവമാിരുന്നു. 63ാം മിനിറ്റില്‍ കിമ്മിച്ചും 82ാം മിനിറ്റല്‍ ലെവന്റോസ്‌കിയും 85, 89 മിനിറ്റില്‍ പകരക്കാരനായെത്തി കുട്ടീനോയും ബായേണിനായി വലകുലുക്കുകയായിരുന്നു.

You Might Also Like